തടയണകളും മഴയും അനുഗ്രഹമായി: കാസർഗോഡ് ജില്ലയിലെ ഭൂജലനിരപ്പില്‍ വര്‍ധന

കാസർഗോഡ് മാർച്ച് 10: കാലാവസ്ഥാ വ്യതിയാനമടക്കമുള്ള വെല്ലുവിളികള്‍ നേരിട്ട് ജലസമൃദ്ധി വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടത്തിയ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം കാണുന്നു. ഒഴുകുന്ന ജലത്തെ പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിതകേരളം മിഷന്റെയും സഹകരണത്തോടെ ജില്ലയിലുടനീളം നിരവധി തടയണകളാണ്  നിര്‍മിച്ചത്. ഇതോടൊപ്പം ഉയര്‍ന്ന അളവില്‍ ലഭിച്ച മഴയും ജില്ലയിലെ കിണറുകളിലെ ജലനിരപ്പ് മുന്‍ വര്‍ഷങ്ങളെക്കാള്‍ ഉയരാന്‍ കാരണമായി. ജില്ലയിലെ ഭൂജല വകുപ്പിന്റെ 66 നിരീക്ഷണ കിണറുകളില്‍ ഫെബ്രുവരിയിലെ ജലവിതാനം കഴിഞ്ഞ 10 വര്‍ഷത്തെ ജലവിതാനവുമായി താരതമ്യം ചെയ്യുമ്പോള്‍ 36 ശതമാനം കിണറുകളില്‍ മാത്രമാണ് കുറവ് രേഖപ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു പറഞ്ഞു. കഴിഞ്ഞ നവംബര്‍ മാസത്തില്‍ തന്നെ എല്ലാ തടയണകള്‍ക്കും ചീര്‍പ്പ് ഇടാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കുകയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇത് ഫലപ്രദമായി നടപ്പിലാക്കിയതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ താഴ്ച 3.67 മീറ്ററായിരുന്നെങ്കില്‍ ഈ വര്‍ഷം ഇത് 2.92 മീറ്റര്‍ മാത്രമാണെന്ന്  ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ കെ എം അബ്ദുല്‍ അഷ്റഫ് പറഞ്ഞു. 2019-ല്‍ 65 ശതമാനം കിണറുകളില്‍ ജലവിതാനം കുറവുണ്ടായിരുന്നത് നിലവിലത് 36 ശതമാനമാണ്. ജില്ലയില്‍ 33 കിണറുകളും 33 കുഴല്‍ കിണറുകളുമാണ് നിരീക്ഷണത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം നിരീക്ഷണ കിണറുകളില്‍ ഒരെണ്ണം വറ്റിപ്പോയിരുന്നു. ബദിയഡുക്ക പഞ്ചായത്തിലെ ബേളയിലുള്ള ഈ നിരീക്ഷണ കിണറിലെ ജലവിതാനം നിലവില്‍ 1.37 മീറ്റര്‍ വര്‍ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Share
അഭിപ്രായം എഴുതാം