കോവിഡ് 19: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം മാര്‍ച്ച് 10: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ബുധനാഴ്ച മുതല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്കൂളുകളില്‍ ഏഴാം ക്ലാസ് വരെ അവധി നല്‍കാന്‍ മന്ത്രിസഭാ തീരുമാനം. എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷകള്‍ക്കു മാറ്റമില്ല. എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷകളും മുന്‍ നിശ്ചയിച്ചപോലെ നടക്കും. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും നിര്‍ദ്ദേശം ബാധകമാണ്. കോളേജുകളും പ്രഫഷണല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല. മദ്രസ, അങ്കണവാടികളും മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കില്ല. പ്രത്യേക മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കല്യാണങ്ങള്‍ ചെറിയ ചടങ്ങായി നടത്തണം. ഉത്സവങ്ങള്‍ മാറ്റിവെയ്ക്കാന്‍ നിര്‍ദ്ദേശിക്കും. ജനങ്ങളെ വലിയ രീതിയില്‍ അണിനിരത്തുന്നത് ആരാധനാലയങ്ങള്‍ ഒഴിവാക്കണം. ശബരിമലയില്‍ പൂജാ ചടങ്ങുകള്‍ മാത്രം, ദര്‍ശനം ഒഴിവാക്കണം. സര്‍ക്കാര്‍ പരിപാടികള്‍ ഒഴിവാക്കും. നിയമസഭാ സമ്മേളനം ഒഴിവാക്കില്ല. രോഗം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കുകയാണെന്നും വിദേശത്തുനിന്ന് വരുന്നവര്‍ രോഗവിവരം മറച്ചുവയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Share
അഭിപ്രായം എഴുതാം