കോവിഡ് 19: പത്തനംതിട്ടയില്‍ രണ്ടു വയസുകാരിയെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു

പത്തനംതിട്ട മാര്‍ച്ച് 10: പത്തനംതിട്ടയില്‍ രണ്ടുവയസ്സുള്ള കുട്ടിയെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി ഇടപഴകിയ കുട്ടിക്കാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്. നിലവില്‍ അഞ്ചുപേര്‍ക്കാണ് പത്തനംതിട്ടയില്‍ കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. രോഗം വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയ റാന്നി ഐത്തലയിലെ മൂന്നുപേരും ഇവരുമായി ഇടപഴകിയ കുടുംബാഗങ്ങളിലുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇറ്റലിയില്‍ നിന്നെത്തിയവരുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ 733 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ പിബി നൂഹ് പറഞ്ഞു. നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായി ഉത്തരവാദിത്തമില്ലാതെ പെരുമാറുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമപ്രകാരം കേസെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. രോഗം ബാധിച്ചവരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും വ്യാജ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും നിയമനടപടിയുണ്ടാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Share
അഭിപ്രായം എഴുതാം