കാസർഗോഡ് മലയോര പ്രദേശങ്ങളില്‍ വന്യമൃഗശല്യം: ജനപ്രതിനിധികളുടെ അടിയന്തരയോഗം ചേരും

കാസർഗോഡ് മാർച്ച് 10: ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ വന്യമൃഗശല്യം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുള്‍പ്പെടുന്ന ജനപ്രതിനിധികളുടെയും വനം, റവന്യു, പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം ചേരാന്‍ ജില്ലാ വികസന സമിതിയോഗത്തില്‍ തീരുമാനമായി. കാട്ടാനകളുടെ കടന്നു കയറ്റം, കുരങ്ങുശല്യം, കാട്ടുപന്നിയുടെ ആക്രമണം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പ്രായോഗികമായ പരിഹാരം തേടിയാണ് യോഗം വിളിക്കുന്നത്.  ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എം.എല്‍.എമാരായ എന്‍.എ. നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രതിനിധി അഡ്വക്കേറ്റ് എ.ഗോവിന്ദന്‍ നായര്‍, റവന്യൂ മന്ത്രിയുടെ പ്രതിനിധി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ്  എ.എ.ജലീല്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എസ് സത്യപ്രകാശ് ജില്ലാതല ഉദ്യോഗസ്ഥര്‍  സംബന്ധിച്ചു.  കാട്ടുമൃഗങ്ങളെ പിടികുടി സംരക്ഷിക്കാന്‍ മഞ്ചക്കലില്‍ വനംവകുപ്പിന്റെ പദ്ധതി പരിഗണനയിലുണ്ടെന്ന് ഡി എഫ് ഒ യോഗത്തില്‍ അറിയിച്ചു. സ്വന്തമായി സ്ഥലമില്ലാതെ പ്രവര്‍ത്തിക്കുന്ന ജില്ലയിലെ അങ്കണവാടികള്‍ക്ക് സമീപത്ത് റവന്യു ഭൂമി ലഭ്യമാണെങ്കില്‍ കെട്ടിടം നിര്‍മ്മിക്കാന്‍ ഭൂമി അനുവദിക്കുമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ സ്‌കൂളുകളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പി.ടി.എകളും തദ്ദേശഭരണസ്ഥാപനങ്ങളും പൊതുജനങ്ങളും കാര്യക്ഷമമായ ഇടപെടലുകള്‍ നടത്തേണ്ടതുണ്ടെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സ്‌കൂളുകളില്‍ ശൗചാലയം നിര്‍മിക്കുന്നതിന് ആവശ്യമെങ്കില്‍ ശുചിത്വഫണ്ട് പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. 

കാസര്‍കോട്-കാഞ്ഞങ്ങാട് കെഎസ്ടിപി റോഡില്‍ ടാങ്കര്‍ പോലുള്ള വലിയ വാഹനങ്ങള്‍ കയറുന്നത് തടഞ്ഞ് വഴി തിരിച്ച് വിടുന്നതിന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് ട്രാഫിക് സര്‍ക്കിളില്‍ പോലീസിനെ നിയമിക്കാന്‍ യോഗം നിര്‍ദേശം നല്‍കി. യോഗത്തില്‍ എംഎല്‍എ ഫണ്ട് പദ്ധതികള്‍, എംപി ലാഡ്‌സ് പദ്ധതികള്‍ എന്നിവയുടെ പുരോഗതി അവലോകനം ചെയ്തു. ജനുവരി വരെയുള്ള വിവിധ വകുപ്പുകളുടെ പദ്ധതി അവലോകനവും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി അവലോകനവും നടത്തി.

Share
അഭിപ്രായം എഴുതാം