ബസ് സമരത്തിൽനിന്ന് പിൻമാറണമെന്ന് ഗതാഗതമന്ത്രി

കാസർഗോഡ് മാർച്ച് 10: മാർച്ച് 11 മുതൽ നടത്താൻ നിശ്ചയിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരത്തിൽ നിന്ന് ബസ്സുടമ സംയുക്ത സമര സമിതി പിൻമാറണമെന്ന് ഗതാഗത വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രൻ അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ സ്വകാര്യ ബസുകൾ അനിശ്ചിത കാലത്തേക്ക് സർവ്വീസ് നിർത്തിവയ്ക്കുന്നതാണെന്ന് അറിയിച്ച് ബസ്സുടമ സംയുക്ത സമരസമിതി സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. സമരസമിതി ഉന്നയിച്ച വിവിധ പ്രശ്‌നങ്ങളിൽ സർക്കാർ അനുഭാവപൂർവമായ നടപടികൾ സ്വീകരിച്ചുവരികയാണ്.  എന്നാൽ ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന ആവശ്യം സംബന്ധിച്ച് നിലവിലുള്ള നടപടിക്രമങ്ങൾ സ്വീകരിക്കേണ്ടതുണ്ട്.  ഈ വിഷയം ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി പരിശോധിച്ച് ഇതുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങളുടെ ഭാഗം കേട്ടുവരികയാണ്. കമ്മിറ്റിയുടെ റിപ്പോർട്ട് സർക്കാരിന് ലഭിക്കേണ്ടതുണ്ട്.

പൊതുഗതാഗത രംഗത്തെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സ്റ്റേജ് കാര്യേജുകളുടെ വാഹന നികുതി നിരക്ക് സർക്കാർ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതുപോലുള്ള മറ്റ് അനുകൂല നടപടികളും സ്വീകരിക്കുന്നുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യത്തിൽ പൊതുഗതാഗത രംഗത്തുള്ളവർ വളരെയധികം ജാഗ്രതയോടെ പ്രവർത്തിക്കേണ്ട സമയമാണ്. കൊറോണ രോഗത്തിന്റെ ഭീഷണി നേരിടുന്ന സമയത്ത് സംസ്ഥാന സർക്കാരിന്റെ നടപടികളുമായി ബസ്സുടമകൾ സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. വിവിധ പരീക്ഷകൾ നടക്കുന്ന സമയമായതിനാൽ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും പ്രയാസമുണ്ടാക്കുന്ന സമരത്തിൽ നിന്ന് ബസ്സുടമകൾ പിൻമാറണമെന്ന് മന്ത്രി അഭ്യർഥിച്ചു.

Share
അഭിപ്രായം എഴുതാം