വനിതാദിനം: സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാര വിതരണവും മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം മാർച്ച് 7: അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും വനിതാരത്‌ന പുരസ്‌കാരവിതരണവും മാർച്ച് ഏഴിന് വൈകിട്ട് നാലിന് നിശാഗന്ധി ആഡിറ്റോറിയത്തിൽ  മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ യോഗത്തിൽ അധ്യക്ഷത വഹിക്കും. ചടങ്ങിൽ സർഗ അവാർഡ്, നൈറ്റ് വാക്ക് അവാർഡ്, വെബ്‌സൈറ്റ് ഉദ്ഘാടനം, വിമൺ പോർട്ടൽ, ആനിമേഷൻ സീരീസ് ലോഞ്ച്, പത്മശ്രീ നേടിയ വനിതകളെ ആദരിക്കൽ, മികച്ച വനിതാ സംരംഭകരെ ആദരിക്കൽ, ഐസിഡിഎസ് അവാർഡ്, കലാപരിപാടികൾ തുടങ്ങിയവ നടക്കും.

രാവിലെ പത്തിന് സംസ്ഥാനത്തെ ആദ്യ വൺ ഡേ ഹോമിന്റെ ഉദ്ഘാടനം തമ്പാനൂർ ബസ് ടെർമിനൽ എട്ടാം നിലയിൽ മന്ത്രി കെ.കെ. ശൈലജ ടീച്ചർ നിർവഹിക്കും. പെൺകുട്ടികൾ, അമ്മമാരോടൊപ്പമുളള 12 വയസുവരെയുളള ആൺകുട്ടികൾ എന്നിവർക്കായായാണ് തലസ്ഥാനത്ത് വൺ ഡേ ഹോം ആരംഭിച്ചത്. എല്ലാ ദിവസവും 24 മണിക്കൂറും പ്രവർത്തിക്കുന്ന വൺഡേ ഹോമാണ് സജ്ജമാക്കിയിരിക്കുന്നത്. മേയർ കെ. ശ്രീകുമാർ അധ്യക്ഷത വഹിക്കും. രാജ്യത്ത് തന്നെയുള്ള ആദ്യ സംരംഭമാണിത്.

രാത്രി 10ന് നിശാഗന്ധിയിൽ നിന്നും കിഴക്കേകോട്ട ഗാന്ധി പാർക്കിലേക്ക് രാത്രി നടത്തം ഉണ്ടായിരിക്കും.  ഡിസംബർ 29ന് നിർഭയ ദിനത്തിൽ ആരംഭിച്ച രാത്രി നടത്തം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്നു വരികയാണ്. ജില്ലാ വനിത ഓഫീസർമാരുടെ നേതൃത്വത്തിൽ വ്യാപാരി വ്യവസായി കൂട്ടായ്മ, റസിഡൻസ് അസോസിയേഷൻ, കുടുംബശ്രീ, അയൽക്കൂട്ടങ്ങൾ എന്നിവരുടെ സഹകരണത്തോടെ രാത്രി നടത്തം സംഘടിപ്പിച്ചിരിക്കുന്നത്. ഇതോടൊപ്പം നൈറ്റ് ഷോപ്പിംഗും സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും രാത്രി നടത്തം ഉണ്ടായിരിക്കും.  രാത്രി 11ന് രാത്രി നടത്തം ഗാന്ധിപാർക്കിൽ എത്തും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും. മാർച്ച് എട്ടിന് വനിതാ പുലരി ആഘോഷങ്ങളോടെയാണ് വനിതാ വാരാചരണത്തിന്റെ സമാപനം.

Share
അഭിപ്രായം എഴുതാം