ലക്ഷ്യം പച്ചക്കറി ഉത്പാദനത്തിലെ സ്വയംപര്യാപ്തത: മന്ത്രി വി.എസ്.സുനില്‍കുമാര്‍

കോട്ടയം മാർച്ച് 7: പച്ചക്കറി ഉത്പാദനത്തില്‍ 2021 ഓടെ സ്വയം പര്യാപ്തത കൈവരിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. കുറവിലങ്ങാട് കോഴയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ വിതരണ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനം കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്രദമാണ്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കുന്നതിന് ഇത് സഹായകരമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഉഴവൂര്‍ ബ്ലോക്കിലെ ഓരോ പഞ്ചായത്തിനും 25,000 പച്ചക്കറി തൈകള്‍ വീതം വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. ഹോര്‍ട്ടികോര്‍പ്പിന്റെ പതിനെട്ടാമത് സംഭരണകേന്ദ്രമാണ് കോഴയിലേത്. ഉഴവൂര്‍ ബ്ലോക്കിലും സമീപ പഞ്ചായത്തുകളിലും ഉത്പാദിപ്പിക്കുന്ന നാടന്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും നേരിട്ട് സംഭരിച്ച്  വില്‍പ്പന നടത്തുകയാണ്  ലക്ഷ്യം.

ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ മികച്ച കര്‍ഷകര്‍ക്കുള്ള പുരസ്‌കാര വിതരണം നിര്‍വഹിച്ചു.  

Share
അഭിപ്രായം എഴുതാം