ചിറ്റാരിക്കാല്‍ ബൈപാസ് റോഡിന്റെ ഉദ്ഘാടനം നാളെ

കാസർഗോഡ് മാർച്ച് 6: മലയോര ജനതയുടെ ചിരകാല സ്വപ്നമായി ചിറ്റാരിക്കാല്‍ ബൈപാസ് റോഡിന്റെ ഉദ്ഘാടനം മാര്‍ച്ച് ഏഴിന് എം രാജഗോപാലന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. പഞ്ചായത്തിന്റെ ഐഎസ്.ഒ സര്‍ട്ടിഫിക്കേഷന്‍ ഔദ്യോഗിക പ്രഖ്യാപനവും പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്നൊരുക്കിയ കുട്ടികള്‍ക്കായുള്ള ഉദ്യാനത്തിന്റെ ഉദ്ഘാടനം ഇതോടനുബന്ധിച്ച് നടക്കും. ഈസ്റ്റ്-എളേരി പഞ്ചായത്തിന്റെ വികസനങ്ങള്‍ക്കായി കഴിഞ്ഞ മൂന്ന് വര്‍ഷം കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 174 കോടി രൂപ അനുവദിച്ച എം. രാജഗോപാലന്‍  എം.എല്‍.എ.യ്ക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ചടങ്ങില്‍ ഈസ്റ്റ് എളേരി പഞ്ചായത്ത് പ്രസിഡന്റ് ജെസി ടോം അധ്യക്ഷയാകും.

കണ്ണൂര്‍ – കാസര്‍കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന ചിറ്റാരിക്കാല്‍ -ചെറുപുഴ മലയോര ഹൈവെയോട് ചേര്‍ന്നാണ് ചിറ്റാരിക്കാല്‍ ബൈപാസ് നിര്‍മ്മിച്ചിരിക്കുന്നത്. ചിറ്റാരിക്കാല്‍ ടൗണിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ എം രാജഗോപാലന്‍ എം എല്‍ എ യുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 40 ലക്ഷം രൂപയാണ് ബൈപ്പാസിനായി അനുവദിച്ചത്.  പാലവും കലുങ്കും 400 മീറ്റര്‍ റോഡും ചേര്‍ന്നതാണ് ബൈപാസ് റോഡ്. ചിറ്റാരിക്കാല്‍ ബസ് സ്റ്റാന്റിനു സമീപം കുരിശ്ശുപള്ളിക്ക് എതിരെനിന്ന് ടൗണിലേക്ക് കടക്കാതെ ചെറുപുഴ റോഡിലേക്ക് ബന്ധിപ്പിക്കുന്ന വിധമാണ് ബൈപാസ് തയ്യാറായിരിക്കുന്നത്. മലയോര ഹൈവെ നിര്‍മ്മാണം നടക്കുന്ന ഈ സമയത്ത് തന്നെ ബൈപാസ് നിര്‍മ്മാണം നാടിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞത് പഞ്ചായത്ത് ഭരണസമിതിയുടെ  നേട്ടമാണെന്നും ചിറ്റാരിക്കാല്‍ ടൗണിലെ ഗതാഗത കുരുക്കിന്റെ ശാശ്വത പരിഹാരമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ടോം പറഞ്ഞു. 

Share
അഭിപ്രായം എഴുതാം