നൂറിന്റെ നിറവില്‍ നീലേശ്വരം നഗരസഭാ മൃഗസംരക്ഷണ പദ്ധതി: ക്ഷീരകര്‍ഷക സംഗമം മാര്‍ച്ച് 5 ന്

കാസർഗോഡ് മാർച്ച് 4: സംസ്ഥാനത്ത് മൃഗസംരക്ഷണ ക്ഷീര വികസന പദ്ധതികള്‍ക്കായി ഏറ്റവും കൂടുതല്‍ ബജറ്റ് തുക മാറ്റിവെച്ച നീലേശ്വരം നഗരസഭയില്‍ മൃഗസംരക്ഷണ പദ്ധതി നിര്‍വ്വഹണം നൂറുശതമാനമായി. 52 ലക്ഷം രൂപയാണ് വിവിധ പദ്ധതികളിലായി മൃഗസംരക്ഷണ മേഖലയില്‍  നഗരസഭ ചിലവഴിച്ചത്.  

സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ വിതരണം, ക്ഷീര സഹകരണ സംഘങ്ങളില്‍ അളക്കുന്ന പാലിന് ആനുപാതികമായി കര്‍ഷകര്‍ക്ക് ധനസഹായം നല്‍കുന്ന ‘മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതി’, കന്നുകാലി തൊഴുത്തുകളില്‍ അനുബന്ധ സൗകര്യമേര്‍പ്പെടുത്തുന്നതിനുള്ള സഹായം, വിവിധ വകുപ്പുകളുമായി സഹകരിച്ച് കന്നുകാലികള്‍ക്ക് ചുരുങ്ങിയ ചിലവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്ന ‘ഗോ സംവര്‍ദ്ധന പദ്ധതി’, കറവപശു വളര്‍ത്തലിന് ബാങ്ക് വായ്പ എടുത്ത് പലിശ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുന്ന കര്‍ഷകരെ സഹായിക്കുന്ന പദ്ധതി തുടങ്ങി മൃഗസംരക്ഷണത്തിനായി വൈവിദ്ധ്യ പൂര്‍ണ്ണമായ പ്രൊജക്ടുകളാണ് നീലേശ്വരം നഗരസഭയില്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കിയത്. 

കന്നുകാലികളുടെ പെട്ടെന്നുള്ള മരണവും ഉത്പാദന കുറവും കാരണം കര്‍ഷകര്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പരിഹരിക്കുന്നതിനായി ‘ഗോ സമൃദ്ധി ഇന്‍ഷുറന്‍സ് പദ്ധതി’യും നീലേശ്വരം നഗരസഭയില്‍  നടപ്പാക്കിയിട്ടുണ്ട്. ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസമായി അവരുടെ കന്നുകാലികള്‍ക്ക് രാത്രികാല ചികിത്സാസേവനവും നീലേശ്വരം നഗരസഭയില്‍ ലഭ്യമാണ്. നഗരസഭയിലെ വിവിധ പ്രദേശങ്ങളിലുണ്ടായ പ്രളയത്തിലകപ്പെട്ട കന്നുകാലികളെ താത്ക്കാലിക ഷെല്‍ട്ടറുകളുണ്ടാക്കി മാറ്റി പാര്‍പ്പിക്കുകയും അവയ്ക്കാവശ്യമായ കാലിത്തീറ്റയും ധാതുലവണ മിശ്രിതവും ആവശ്യമായ ചികിത്സയും നഗരസഭയുടെയും നീലേശ്വരം വെറ്റിനറി ആശുപത്രിയുടെയും നേതൃത്വത്തില്‍  നല്‍കിയിരുന്നു.

വീട്ടുമുറ്റത്ത് കോഴി വളര്‍ത്തല്‍ പദ്ധതിയില്‍  ഈ സാമ്പത്തിക വര്‍ഷത്തില്‍ 725 ഗുണഭോക്താക്കള്‍ക്ക് അഞ്ച്  വീതം കോഴികളെ സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇതിലൂടെ പ്രതിമാസം നഗരസഭാ പരിധിയില്‍  ശരാശരി ഒരു ലക്ഷത്തോളം മുട്ടകള്‍ ഉത്പാദിപ്പിക്കാന്‍ സാധിച്ചു.നഗരസഭാ കൗണ്‍സിലര്‍ കെ.വി. സുധാകരന്‍ ചെയര്‍മാനും സീനിയര്‍ വെറ്റിനറി സര്‍ജ്ജന്‍ ഡോ. വി.വി. പ്രദീപ് കുമാര്‍ കണ്‍വീനറുമായുള്ള മൃഗസംരക്ഷണ പ്രവര്‍ത്തക ഗ്രൂപ്പാണ്  പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. അവലോകന യോഗത്തില്‍  നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍, വികസന സ്ഥിരംസമിതി ചെയര്‍മാന്‍ എ.കെ. കുഞ്ഞികൃഷ്ണന്‍, കൗണ്‍സിലര്‍മാരായ കെ.വി. സുധാകരന്‍, കെ.വി. ഗീത, വി.വി. സീമ, സീനിയര്‍ വെറ്റിനറി സര്‍ജ്ജന്‍ ഡോ.വി.വി. പ്രദീപ് കുമാര്‍, കൃഷി അസിസ്റ്റന്റ് സജിത മണിയറ, ആസൂത്രണ ചുമതല വഹിക്കുന്ന നഗരസഭയിലെ ശ്രീനുജിത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

Share
അഭിപ്രായം എഴുതാം