ജില്ലാ ആശുപത്രികള്‍, ഫാമുകള്‍ എന്നിവക്കായി സൗരോര്‍ജ്ജ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ബാബു പറശ്ശേരി: 2020-21 കരട് വാര്‍ഷിക പദ്ധതി രേഖ അവതരിപ്പിച്ചു

കോഴിക്കോട് മാർച്ച് 4: ജില്ലാ ആശുപത്രികള്‍, ഫാമുകള്‍ എന്നിവക്കായി സൗരോര്‍ജ്ജ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ അവതരണത്തില്‍ അറിയിച്ചു.  2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ നടത്തുക. ഭവന നിര്‍മ്മാണത്തിന് മുഖ്യ പരിഗണന നല്‍കും. ലൈഫ് ഭവന നിര്‍മ്മാണ പദ്ധതിക്കായി 12 കോടി രൂപ നീക്കി വച്ചിട്ടുണ്ട്. ‘ക്ലീന്‍ സ്‌കൂള്‍’ പദ്ധതി വഴി ജില്ലാപഞ്ചായത്ത് പരിധിയിലെ 44 വിദ്യാലയങ്ങളില്‍ മൂത്രപ്പുര, ടോയ്ലെറ്റ് എന്നിവ ശുചീകരിക്കുന്നതിന് ജീവനക്കാരെ നിയമിക്കും. കര്‍ഷകര്‍ക്ക് സഹായപ്രദമാവുന്ന രീതിയില്‍ ജില്ലയില്‍ സഞ്ചരിക്കുന്ന അരിമില്ല് സ്ഥാപിക്കും. വനിതാക്ഷേമത്തിന് 4.74 കോടി, മാലിന്യ സംസ്‌കരണം, ജലസംരക്ഷണം എന്നിവക്ക് 3.99 കോടി, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ എന്നിവരുടെ ക്ഷേമത്തിനായി  3.20 കോടി, വയോജന ക്ഷേമം, പാലിയേറ്റീവ് കെയര്‍ എന്നിവക്ക് 2.19 കോടി, ഭിന്നശേഷി സ്‌കോളര്‍ഷിപ്പിന് 2.80 കോടി, നെല്‍കൃഷി, പച്ചക്കറി കൃഷി എന്നിവക്ക് 1.45 കോടി, മുട്ടഗ്രാമം, ക്ഷീരഗ്രാമം, പോത്തുകുട്ടി, കിടാരി പദ്ധതികള്‍ക്കായി നാല് കോടിയും നീക്കി വെച്ചു. ജില്ലാ ആശുപത്രികളുടെ മികച്ച പ്രവര്‍ത്തനത്തിനായി ഫണ്ടുകള്‍ അനുവദിക്കും. കറവപ്പശു സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്നും കരട് വാര്‍ഷിക പദ്ധതി രേഖ അവതരണത്തില്‍ അദ്ദേഹം അറിയിച്ചു. 

Share
അഭിപ്രായം എഴുതാം