കുടിവെള്ളം ദുരുപയോഗം ചെയ്താല്‍ നടപടി സ്വീകരിക്കും: ജില്ലാ കളക്ടര്‍

പത്തനംതിട്ട മാർച്ച് 3: ജില്ലയില്‍ വരള്‍ച്ച നേരിടുന്ന സാഹചര്യത്തില്‍ കുടിവെള്ള പ്രശ്‌നം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശിച്ചു. വരള്‍ച്ച നേരിടുന്നതിനുള്ള നടപടികള്‍ തീരുമാനിക്കുന്നതിന് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കളക്ടര്‍.
മാര്‍ച്ച് 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 5.50 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 11 ലക്ഷം രൂപയും കോര്‍പറേഷന് 16.50 ലക്ഷം രൂപയും കുടിവെള്ള വിതരണത്തിനായി ചെലവഴിക്കാം. ഏപ്രില്‍ ഒന്നു മുതല്‍ മേയ് 31 വരെ ഗ്രാമപഞ്ചായത്തുകള്‍ക്ക് 11 ലക്ഷം രൂപയും നഗരസഭകള്‍ക്ക് 16.50 ലക്ഷം രൂപയും കോര്‍പറേഷന് 22 ലക്ഷം രൂപയും ചെലവഴിക്കാം.
വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം നിര്‍ബന്ധമായും പരിശോധിക്കണം. കുടിവെള്ളം എത്തിക്കുന്ന വാഹനങ്ങളില്‍ ജി.പി.എസ് നിര്‍ബന്ധമായും ഘടിപ്പിക്കണം.

വാട്ടര്‍ അതോറിറ്റി ഓഫീസുകളില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പരാതി പരിഹാര സെല്‍ തുറക്കണം. പൈപ്പ് പൊട്ടല്‍, പമ്പിംഗ് തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ വാട്ടര്‍ അതോറിറ്റി അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. കളക്ടറുടെ നേതൃത്വത്തില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ അംഗങ്ങളാക്കി രൂപകരിച്ച വാട്സാപ്പ് ഗ്രൂപ്പിലൂടെ, ലഭിക്കുന്ന പരാതികളില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ പറഞ്ഞു. വീടുകളില്‍ കുടിവെള്ളം കൃഷിക്കോ മറ്റ് ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ടര്‍ അതോറിട്ടി സ്ഥാപിച്ചിരിക്കുന്ന വാല്‍വുകള്‍ അധികൃതരുടെ അനുമതിയില്ലാതെ തുറന്ന് വിടുന്ന സാഹചര്യം ഉണ്ടായാല്‍ അത്തരം സംഭവങ്ങള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കുന്നതിന് ക്രിമിനല്‍ നടപടി സ്വീകരിക്കും. കിണറുകളിലേയ്ക്ക് വെള്ളം തുറന്നുവിട്ടാലും പിഴ ഒടുക്കേണ്ടിവരും. പൈപ്പ് ലൈനില്‍ എവിടെങ്കിലും ലീക്ക് വന്നിട്ടുണ്ടെങ്കില്‍ അടിയന്തിരമായി പരിഹാരം കാണാന്‍ വാട്ടര്‍ അതോറിട്ടിക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി. പൊതുജനങ്ങള്‍ക്ക് പരാതികള്‍ 0468-2222670 എന്ന നമ്പരിലോ, പത്തനംതിട്ട അസിസ്റ്റന്‍ഡ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍- 8547638345, റാന്നി അസിസ്റ്റന്‍ഡ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍- 8547638345 എന്നീ നമ്പരുകളിലും അറിയിക്കാം.
എഡിഎം അലക്സ് പി. തോമസ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ഗ്രിഗറി കെ. ഫിലിപ്പ്, ഗ്രാമപഞ്ചായത്ത് അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →