മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ ശങ്കരന്‍ അന്തരിച്ചു

അഡ്വ പി ശങ്കരന്‍

കോഴിക്കോട് ഫെബ്രുവരി 26: യുഡിഎഫ് ജില്ലാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ അഡ്വ പി ശങ്കരന്‍ (72) അന്തരിച്ചു. കോഴിക്കോട് ക്യാന്‍സര്‍ സെന്‍ററില്‍ അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് ശങ്കരന്‍ മരണപ്പെട്ടത്. കേരള രാഷ്ട്രീയത്തില്‍ കെ കരുണാകരന്റെ വിശ്വസ്തന്‍ എന്ന നിലയിലാണ് ശങ്കരന്‍ ശ്രദ്ധേയനായത്.

2001ല്‍ കൊയിലാണ്ടിയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എ കെ ആന്റണി മന്ത്രിസഭയില്‍ ആരോഗ്യം, ടൂറിസം വകുപ്പുകളുടെ മന്ത്രിയായിരുന്നു. 1998ല്‍ കോഴിക്കോട്ടുനിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പത്തുവര്‍ഷം കോഴിക്കോട് ഡിസിസി പ്രസിഡന്റായിരുന്നു.

സ്വാതന്ത്ര്യസമരസേനാനിയായ കേളുനായരുടെയും മാക്കം അമ്മയുടെയും പുത്രനായി കടിയങ്ങാട് പുതിയോട്ടില്‍ വസതിയില്‍ 1947 ഡിസംബര്‍ 2നായിരുന്നു ജനനം. പേരാമ്പ്ര ഹൈസ്കൂളില്‍ നിന്ന് എസ്എസ്എല്‍സി പൂര്‍ത്തിയാക്കി. മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളേജില്‍ പ്രീഡിഗ്രി, തൃശ്ശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി.

Share
അഭിപ്രായം എഴുതാം