ഡല്‍ഹിയില്‍ കെജ്‌രിവാളിന്റെ വസതിക്ക് മുമ്പില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം

ന്യൂഡല്‍ഹി ഫെബ്രുവരി 26: രാജ്യതലസ്ഥാനത്ത് നടക്കുന്ന സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുമ്പില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം. ജാമിയ-മില്ലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി അസോസിയേഷനും ജാമിയ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയും ചേര്‍ന്നാണ് ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. ‘കെജ്‌രിവാള്‍ പുറത്തുവരൂ, ഞങ്ങളോട് സംസാരിക്കൂ’ എന്ന മുദ്രവാക്യവുമായാണ് വിദ്യാര്‍ത്ഥികള്‍ വസതിക്ക് മുമ്പില്‍ തടിച്ചുകൂടിയത്.

കലാപം അടിച്ചമര്‍ത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ജനങ്ങളോട് വ്യക്തമാക്കണമെന്നും അക്രമ സ്ഥലത്ത് നിന്ന് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് എത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യണമെന്നും വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം അവസാനിപ്പിച്ച് പിരിഞ്ഞുപോകണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ അത് കൂട്ടാക്കിയില്ല. ഇതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ചില വിദ്യാര്‍ത്ഥികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

Share
അഭിപ്രായം എഴുതാം