ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത കളര്‍കോഡ് മാര്‍ച്ച് 1ന് നിലവില്‍ വരും

തൃശ്ശൂര്‍ ഫെബ്രുവരി 24: ടൂറിസ്റ്റ് ബസുകളടക്കം എല്ലാ കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ക്കും വെള്ളനിറത്തില്‍ ഏകീകൃത കളര്‍കോഡ് മാര്‍ച്ച് ഒന്നിന് നിലവില്‍ വരും. ബോഡിയുടെ നിറം പൂര്‍ണ്ണമായി വെള്ളയാകും. വൈലറ്റ്, മെറ്റാലിക് ഗോള്‍ഡ് റിബണുകള്‍ വശങ്ങളില്‍ പതിക്കുന്നത് മാത്രമാകും ഏക ഗ്രാഫിക്സ്. സാധാരണ അക്ഷരങ്ങളില്‍ 12 ഇഞ്ചില്‍ താഴെ വലുപ്പത്തില്‍ വെള്ളനിറത്തില്‍ മാത്രമേ വാഹനത്തിന്റെ മുന്‍വശത്ത് പേര് എഴുതാവൂ. ഓപ്പറേറ്ററുടെ പേരും മറ്റ് വിവരങ്ങളും പിന്‍വശത്ത് 40 സെന്റിമീറ്ററില്‍ കവിയാത്ത ചതുരത്തില്‍ പ്രദര്‍ശിപ്പിക്കാം.

രാജ്യാന്തര കായിക താരങ്ങളുടെയും ചലച്ചിത്ര താരങ്ങളുടെയും പക്ഷിമൃഗാദികളുടെയും ഗ്രാഫിക്സുകളുമായി ടൂറിസ്റ്റ് ബസുകള്‍ ഫ്ളക്സ് ബോര്‍ഡ് പോലെയായതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ടൂറിസ്റ്റ് ബസുകളുടെ പേരില്‍ ആരാധക കൂട്ടായ്മകള്‍ രൂപപ്പെടുകയും സ്കൂള്‍ -കോളേജ് അങ്കണങ്ങളില്‍ നിയമം ലംഘിച്ചുള്ള ‘സ്റ്റണ്ടുകള്‍’ നടന്നതും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അധികൃതരെ നിര്‍ബന്ധിതരാക്കി.

മാര്‍ച്ച് ഒന്നുമുതല്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ചേ രജിസ്റ്റര്‍ ചെയ്യാവൂ. മറ്റ് വാഹനങ്ങള്‍ ഇനി ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുമ്പോഴേക്കും പുതിയ രീതിയിലേക്ക് മാറണം. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആര്‍ ശ്രീലേഖ, റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജി ഗോഗുലത്ത് ലക്ഷ്മണ്‍ എന്നിവര്‍ ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു.

Share
അഭിപ്രായം എഴുതാം