24 മണിക്കൂറും സജീവമാകാനൊരുങ്ങി തിരുവനന്തപുരം നഗരം

തിരുവനന്തപുരം ഫെബ്രുവരി 21: വ്യാപാര സ്ഥാപനങ്ങള്‍ രാത്രിയിലും പ്രവര്‍ത്തിപ്പിക്കാനുള്ള നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ടുവച്ചു. അങ്ങനെ ഇരുപത്തിനാല് മണിക്കൂറും സജീവമാകാനൊരുങ്ങുകയാണ് തിരുവനന്തപുരം നഗരം. കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക സ്ഥലങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ ആരംഭിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ തലസ്ഥാന നഗരയില്‍ നൈറ്റ് ലൈഫ് സെന്ററുകള്‍ തുറക്കും. 2020 ഏപ്രിലില്‍ മറ്റ് പ്രധാന നഗരങ്ങളിലേക്കും പദ്ധതി വ്യാപിപിക്കും. കടകള്‍, മാളുകള്‍, ഹോട്ടലുകള്‍ തുടങ്ങിയവ രാത്രിയിലും തുറന്നുപ്രവര്‍ത്തിക്കും. പദ്ധതിയുടെ സുരക്ഷിതമായ നടത്തിപ്പിനായി ടൂറിസം, പോലീസ്, തദ്ദേശസ്വയം ഭരണവകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ സ്ഥിരം സമിതി സര്‍ക്കാര്‍ രൂപീകരിക്കും.

മള്‍ട്ടി നാഷണല്‍, ഐടി കമ്പനികളില്‍ ഉള്‍പ്പടെ ജോലി ചെയ്യുന്നവര്‍ തലസ്ഥാന നഗരത്തിലെ നൈറ്റ് ലൈഫിന്റെ അഭാവത്തെക്കുറിച്ച് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പദ്ധതി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതോടെ മുംബൈയ്ക്ക്ശേഷം ഇന്ത്യയില്‍ 24 മണിക്കൂറും സജീവമാകുന്ന രണ്ടാമത്തെ നഗരമാകുകയാണ് തിരുവനന്തപുരം.

Share
അഭിപ്രായം എഴുതാം