കെജ്‌രിവാളിന്റെ മൂന്നാം സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും

ന്യൂഡല്‍ഹി ഫെബ്രുവരി 19: ഡല്‍ഹിയില്‍ അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് നടക്കും. പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനമായ ഗ്യാരന്റി കാര്‍ഡ് യാഥാര്‍ത്ഥ്യമാക്കുന്നതില്‍ പ്രാഥമിക ചര്‍ച്ചകള്‍ യോഗത്തില്‍ നടക്കും. എല്ലാവര്‍ക്കും കുടിവെള്ളം, വീട്, സൗജന്യ യാത്ര എന്നിവയടക്കം പത്ത് വാഗ്ദാനങ്ങളാണ് ഗ്യാരന്റി കാര്‍ഡില്‍ നല്‍കിയിരിക്കുന്നത്. നൂറ് ദിവസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കാനാണ് ആലോചന. ഡല്‍ഹി നിയമസഭാ സമ്മേളനത്തിന്റെ തീയതിയും ഇന്ന് തീരുമാനിക്കും.

കഴിഞ്ഞ മന്ത്രിസഭയില്‍ ജലവകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇത്തവണ മറ്റ് വകുപ്പുകളില്ല. തൊഴില്‍, നഗര വികസനം എന്നിവയ്ക്കൊപ്പം സത്യേന്ദ്ര കുമാര്‍ ജെയിനാണ് ജലവകുപ്പിന്റെചുമതല വഹിക്കുക. പരിസ്ഥിതി, തൊഴില്‍, വികസനം എന്നിവ ഗോപാല്‍ റായിയും വനിത ശിശുക്ഷേമ വകുപ്പുകളുടെ ചുമതല രാജേന്ദ്രപാല്‍ ഗൗതമും വഹിക്കും. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വകുപ്പുകളില്‍ മാറ്റമില്ല. വിദ്യാഭ്യാസം, ധനം, ടൂറിസം ഉള്‍പ്പടെ പതിനൊന്ന് വകുപ്പുകളുടെ ചുമതലയാണ് മനീഷ് സിസോദിയ വഹിക്കുന്നത്. ഇമ്രാന്‍ ഹുസ്സൈന്‍ ഭക്ഷ്യസിവില്‍ സപ്ലൈസും കൈലോഷ് ഖെലോട്ട് നിയമം, ഗതാഗതം തുടങ്ങിയ വകുപ്പുകളുമാണ് വഹിക്കുന്നത്.

Share
അഭിപ്രായം എഴുതാം