കൊച്ചി ഫെബ്രുവരി 18: മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരായ പത്തുകോടിയുടെ കള്ളപ്പണ ആരോപണത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംസ്ഥാന വിജിലന്‍സിന് കത്തയച്ചു. ഇക്കാര്യത്തിലടക്കം മുന്‍മന്ത്രിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു.
നോട്ടുനിരോധനകാലത്ത് ചന്ദ്രിക ദിനപത്രത്തിന്റെ മറവില്‍ മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞ് പത്തുകോടി കള്ളപ്പണം വെളിപ്പിച്ചെന്നാണ് ആരോപണം. അന്വേഷണം ആവശ്യപ്പെട്ടുള്ള സ്വകാര്യ ഹര്‍ജിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിനെ നേരത്തെ ഹൈക്കോടതി കക്ഷി ചേര്‍ത്തിരുന്നു. പാലാരിവട്ടം പാലം അഴിമതിയില്‍ കിട്ടിയ കൈക്കൂലിപ്പണമാണ് നോട്ടുനിരോധനകാലത്ത് വെളുപ്പിച്ചതെന്നാണ് ആരോപണം.
പാലാരിവട്ടം കേസിനൊപ്പം ഈ ആരോപണംകൂടി വിജിലന്‍സ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനുശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നും വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് വീണ്ടും മാര്‍ച്ച് 2-ലേക്ക് മാറ്റി.