ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനം: അഹമ്മദാബാദില്‍ ചേരി നിവാസികളെ ഒഴിപ്പിക്കുന്നു

അഹമ്മദാബാദ് ഫെബ്രുവരി 18: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ ചേരി നിവാസികളെ ഒഴിപ്പിക്കുന്നു. ട്രംപും മോദിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യാനിരിക്കുന്ന മൊട്ടേര സ്റ്റേഡിയത്തിന്റെ സമീപത്തുള്ള ചേരിയില്‍ താമസിക്കുന്നവര്‍ക്കാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയത്.

ഇരുന്നൂറോളം പേരടങ്ങുന്ന ചേരി നിവാസികള്‍ക്കാണ് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് ലഭിച്ചിരിക്കുന്നത്. നിര്‍മ്മാണത്തൊഴിലാളികളാണ് ഇവര്‍. 20 വര്‍ഷത്തിലധികമായി ഇവര്‍ ഇവിടെ താമസിക്കുന്നു. എത്രയും പെട്ടെന്ന് താമസ സ്ഥലം വിട്ടുപോകണമെന്ന് അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നേരിട്ടെത്തി അറിയിച്ചതായി ചേരിനിവാസികള്‍ പറഞ്ഞു. ഫെബ്രുവരി 11ന് പുറപ്പെടുവിച്ചിരിക്കുന്ന നോട്ടീസില്‍ പറയുന്നത് ഏഴ് ദിവസത്തിനകം ചേരി ഒഴിയണമെന്നാണ്.

അതേസമയം, ചേരി നിവാസികള്‍ക്ക് നോട്ടീസ് നല്‍കിയതിന് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധമില്ലെന്ന് കോര്‍പ്പറേഷന്‍ അധികൃതര്‍ പറയുന്നു. കോര്‍പ്പറേഷന്റെ നഗരാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുന്ന സ്ഥലത്താണ് ചേരി സ്ഥിതി ചെയ്യുന്നതെന്നും ചേരി നിവാസികള്‍ അവിടെ അതിക്രമിച്ച് കടന്ന് താമസമുറപ്പിച്ചതാണെന്നുമാണ് കോര്‍പ്പറേഷന്റെ നിലപാട്.

Share
അഭിപ്രായം എഴുതാം