തിരുവനന്തപുരം ഫെബ്രുവരി 12: പത്മ പുരസ്കാരങ്ങള്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശകള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ പട്ടിക പ്രഖ്യാപിച്ചത്. എഴുത്തുകാരന്‍ എംടി വാസുദേവന്‍ നായരുടെ പേര് അടക്കം ശുപാര്‍ശ ചെയ്തുകൊണ്ടുള്ള പട്ടികയാണ് കേന്ദ്രം തള്ളിയത്.
പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, പത്മശ്രീ പുരസ്കാരങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 56 പേരുടെ പട്ടികയാണ് അയച്ചത്. പത്മവിഭൂഷണുവേണ്ടി എംടി വാസുദേവന്‍ നായരെയാണ് ശുപാര്‍ശ ചെയ്തത്. കലാമണ്ഡലം ഗോപി (കഥകളി), മമ്മൂട്ടി (സിനിമ), സുഗതകുമാരി (സാഹിത്യം, സാമൂഹിക പ്രവര്‍ത്തനം) മട്ടന്നൂര്‍ ശങ്കരന്‍കുട്ടി (കല), റസൂല്‍പൂക്കുട്ടി (സിനിമ), ശോഭന (സിനിമ), പെരുവനം കുട്ടന്‍ മാരാര്‍ (കല) എന്നിവരെയാണ് പത്മഭൂഷണുവേണ്ടി ശുപാര്‍ശ ചെയ്തത്.
പത്മ അവാര്‍ഡ് കമ്മിറ്റിയാണ് വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ലഭിക്കുന്ന ശുപാര്‍ശകള്‍ പരിഗണിക്കുന്നത്. ഇത് രൂപീകരിക്കുന്നത് പ്രധാനമന്ത്രിയാണ്. ക്യാബിനറ്റ്, ആഭ്യന്തര സെക്രട്ടറിമാര്‍, പ്രസിഡന്റിന്റെ സെക്രട്ടറി എന്നിവരോടൊപ്പം വിവിധ മേഖലകളില്‍ പ്രശസ്തരായ നാല് മുതല്‍ ആറ് വരെ അംഗങ്ങളെ ചേര്‍ത്താണ് ഈ കമ്മിറ്റി രൂപീകരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ ശുപാര്‍ശകള്‍ ഒന്നിച്ച് പരിശോധിച്ച് ചില പേരുകള്‍ തെരഞ്ഞെടുത്ത് ഇവ പ്രധാനമന്ത്രിയുടെയും രാഷ്ട്രപതിയുടെയും അംഗീകാരത്തിനായി സമര്‍പ്പിക്കുകയാണ് ചെയ്യുക.