പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിനെ അടുത്ത ആഴ്ച വിജിലന്‍സ് ചോദ്യം ചെയ്യും

കൊച്ചി ഫെബ്രുവരി 8: പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് വകുപ്പ്മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അടുത്ത ആഴ്ച ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ ഗവര്‍ണര്‍ വിജിലന്‍സിന് അനുമതി നല്‍കിയതിന് പിന്നാലെയാണ് നിലവില്‍ കളമശ്ശേരി എംഎല്‍എയായ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്യുന്നത്. കേസിലെ സാക്ഷിയെന്ന നിലയില്‍ ഇബ്രാഹിം കുഞ്ഞില്‍ നിന്നും നേരത്തെ ഒരു തവണ വിജിലന്‍സ് മൊഴി എടുത്തിരുന്നു.

നിയമസഭയുടെ ബജറ്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ ഇത് പൂര്‍ത്തിയായശേഷമേ വിജിലന്‍സ് ചോദ്യം ചെയ്യാനായി ഇബ്രാഹിം കുഞ്ഞിനെ വിളിച്ചു വരുത്തൂ. നിയമസഭാ സമ്മേളനത്തിനിടെ സഭാ അംഗങ്ങളെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യണമെങ്കില്‍ സ്പീക്കറുടെ അനുമതി വാങ്ങണമെന്ന് ചട്ടമുണ്ട്. അതിനാല്‍ ബുധനാഴ്ച സമ്മേളനം പൂര്‍ത്തിയായ ശേഷം മാത്രമേ വിജിലന്‍സ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇബ്രാഹിം കുഞ്ഞിന് കത്ത് നല്‍കൂ.

Share
അഭിപ്രായം എഴുതാം