തിരുവനന്തപുരം ഫെബ്രുവരി 5: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 2421 പേര്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് കൊറോണ വൈറസ് ഭീതി ഒഴിഞ്ഞിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. 2321 പേര്‍ വീടുകളിലും 100 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായി കണ്ടെത്തിയ 190 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചു.
കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കോഴിക്കോട് നിരീക്ഷണം അവഗണിച്ച് വിദേശത്ത് പോയവരെ ബന്ധപ്പെടാന്‍ ശ്രമം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
രോഗബാധ സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും സമൂഹമാധ്യമങ്ങളിലടക്കം നടക്കുന്ന വ്യാജ പ്രചരണങ്ങള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തിരിച്ചടിയാകുന്നുണ്ട്. വ്യാജ പ്രചാരണം നടത്തിയ രണ്ടുപേര്‍ക്കെതിരെ കൂടി കേസെടുത്തു.