ന്യൂഡല്‍ഹി ജനുവരി 28: രാജ്യത്ത് മൊബൈല്‍ ടവറുകളില്‍ ഡീസലിന് പകരം പ്രകൃതിവാതകം ഇന്ധനമായി ഉപയോഗിക്കാനുള്ള ശ്രമം ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. കാര്‍ബണ്‍ ബഹിര്‍ഗമനം കുറച്ച് കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് മാറ്റം.
അഞ്ചുലക്ഷത്തിലധികം മൊബൈല്‍ ടവറുകള്‍ രാജ്യത്താകെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് പ്രവര്‍ത്തിപ്പിക്കാനായി പ്രതിവര്‍ഷം 326 മില്ല്യണ്‍ ലിറ്റര്‍ ഡീസല്‍ വേണ്ടി വരുന്നുവെന്നാണ് കണക്ക്. ഇത് വായു മലിനീകരണത്തിന് കാരണമാകുന്നു. അഞ്ചുലക്ഷം ഡീസല്‍ ജനറേറ്ററുകളില്‍ 1,84,000 എണ്ണത്തില്‍ പ്രകൃതിവാതക ഇന്ധനം ഉപയോഗിക്കാനാണ് പെട്രോളിയം മന്ത്രാലയം ലക്ഷ്യമിടുന്നത്.
രാജ്യത്തെ അഞ്ച് ലക്ഷത്തിലധികം ഡീസല്‍ ജനറേറ്ററുകളില്‍ രണ്ട് ലക്ഷത്തോളം ജനറേറ്ററുകള്‍ പ്രകൃതി വാതകത്തിലേക്ക് മാറ്റാനാണ് ഉദ്ദേശിക്കുന്നത്. 2023 ഓടെ രാജ്യത്ത് പ്രകൃതിവാതക ഉപഭോഗം ആറ് ശതമാനത്തില്‍ നിന്നും പതിനഞ്ച് ശതമാനത്തിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.