ആലപ്പുഴ കുടിവെള്ള പദ്ധതി: നിലവാരം കുറഞ്ഞ പൈപ്പ് മാറ്റുമെന്ന മന്ത്രിതല പ്രഖ്യാപനം നടപ്പായില്ല

ആലപ്പുഴ ജനുവരി 28: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ നിലവാരം കുറഞ്ഞ പൈപ്പ് പൂര്‍ണ്ണമായി മാറ്റിസ്ഥാപിക്കുമെന്ന മന്ത്രിതല പ്രഖ്യാപനം നടപ്പായില്ല. റോഡ് പൊളിക്കുന്നതിനെ പൊതുമരാമത്ത് വകുപ്പ് എതിര്‍ക്കുന്നതാണ് ജലഅതോറിറ്റിക്ക് മുന്നിലുള്ള തടസ്സം. ഉടനടി ജോലികള്‍ ആരംഭിച്ചില്ലെങ്കില്‍ നിലവാരം കുറഞ്ഞ പൈപ്പിട്ട കരാറുകാരന്‍റെ ചെലവില്‍ മാറ്റിസ്ഥാപിക്കല്‍ നടക്കില്ല.

കഴിഞ്ഞ ഡിസംബറില്‍ ജലവിഭവവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിലാണ് ആലപ്പുഴയില്‍ യോഗം ചേര്‍ന്നത്. 43 തവണ പൊട്ടുകയും കുടിവെള്ളം ലഭിക്കാതെ ജനങ്ങള്‍ വലയുകയും ചെയ്ത അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകും. തകഴി മുതല്‍ കേളമംഗലം വരെ ഒന്നര കിമീലെ കുടിവെള്ള പൈപ്പ് പൂര്‍ണ്ണമായി മാറ്റിസ്ഥാപിക്കുമെന്നുമായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഒന്നും നടപ്പായില്ല.

റോഡ് ഒഴിവാക്കി മറ്റൊരു പാതയിലൂടെ പൈപ്പ് കൊണ്ടുപോകാനുള്ള രൂപരേഖ ആലപ്പുഴ ജലഅതോറിറ്റിയില്‍ നിന്ന് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും അതിനും തീരുമാനമായില്ല. നിലവാരം കുറഞ്ഞ പൈപ്പ് സ്ഥാപിച്ച കരാറുകാരനെ കൊണ്ടു തന്നെ പൈപ്പ് മാറ്റിസ്ഥാപിക്കാനാണ് മന്ത്രിതല യോഗം തീരുമാനിച്ചത്. മേയ് മാസം വരെയാണ് കരാര്‍ കാലാവധി.

Share
അഭിപ്രായം എഴുതാം