കൊല്‍ക്കത്ത ജനുവരി 20: അമ്പതുലക്ഷം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുകയും ആവശ്യമെങ്കില്‍ അവരെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്യുമെന്ന് പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യും. പിന്നെ മമതാ ബാനര്‍ജിക്ക് ആരെയും പ്രീതിപ്പെടുത്താനാവില്ലെന്നും ദിലീപ് ഘോഷ് കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴായിരുന്നു ദിലീപ് ഘോഷിന്റെ വിവാദ പരാമര്‍ശം.
ഇതിന് മുന്‍പ് പൊതുമുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെപോലെ വെടിവച്ചു കൊല്ലണമെന്ന ദിലീപ് ഘോഷിന്റെ പ്രസ്താവനയും വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ബംഗാളിലെ നാദിയ ജില്ലയില്‍ നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു ദിലീപിന്റെ വിവാദ പരാമര്‍ശം. പൗരത്വ പ്രതിഷേധത്തിനിടെ റെയില്‍വേ സ്വത്തുക്കളും പൊതുഗതാഗതവും നശിപ്പിക്കുന്നവര്‍ക്കെതിരെ മുഖ്യമന്ത്രി മമത ബാനര്‍ജി നടപടി എടുത്തില്ലെന്നും ദിലീപ് ഘോഷ് ആരോപിച്ചു.