ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

കോഴിക്കോട് ജനുവരി 7: രാജ്യവ്യാപകമായി ജനുവരി 8ന് നടക്കുന്ന ദേശീയ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ ടി നസറൂദ്ദീന്‍ അറിയിച്ചു. പണിമുടക്കുമായി വ്യപാരികള്‍ സഹകരിക്കില്ലെന്നും കടകളെല്ലാം തുറന്നു പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പോലീസിന്റെ സംരക്ഷണം തേടി മുഖ്യമന്ത്രിയെ സമീപിക്കുമെന്നും നസറുദ്ദീന്‍ പറഞ്ഞു.

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എച്ച്എംഎസ്, കെടിയുസി, ഐഎന്‍എല്‍സി തുടങ്ങി 25 യൂണിയനുകളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. രാജ്യവ്യാപകമായി നടത്തുന്ന പണിമുടക്കില്‍ 25 കോടി ആളുകള്‍ പങ്കെടുക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. സര്‍വ്വകലാശാലകള്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചിട്ടുണ്ട്.

തൊഴിലാളികളുടെ മിനിമം വേതനം പ്രതിമാസം 21,000 രൂപയാക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല സ്വകാര്യവത്കരണം ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ദേശീയ പണിമുടക്ക് നടത്തുന്നത്.

Share
അഭിപ്രായം എഴുതാം