ഇസ്ലാമാബാദ് ഡിസംബര്‍ 19: പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യയില്‍ വലിയ ഇടിവ് സംഭവിച്ചെന്ന ആരോപണങ്ങള്‍ തള്ളി പാകിസ്ഥാന്‍ വിദേശകാര്യ ഓഫീസ്. ഹിന്ദുക്കള്‍ പാകിസ്ഥാനില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന ആരോപണവും പാക്ക് വിദേശ മന്ത്രാലയം കണക്കുകള്‍ നിരത്തി നിഷേധിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ വാദങ്ങള്‍ തള്ളിക്കളയുന്നുവെന്നും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഉന്നയിക്കുന്നതെന്നും വിദേശ മന്ത്രാലയം അഭിപ്രായപ്പെട്ടു.
1947ല്‍ 23 ശതമാനത്തില്‍ നിന്ന് 2011 ആയപ്പോഴേക്കും 3.7 ശതമാനമായി കുറഞ്ഞെന്നാണ് ബിജെപി ആരോപിച്ചത്. എന്നാല്‍ 1941ലെ സെന്‍സസ് പ്രകാരമാണ് പാകിസ്ഥാനില്‍ 23 ശതമാനം ഹിന്ദുക്കള്‍ ഉണ്ടായിരുന്നത്. വിഭജനത്തിന് ശേഷം അത് വീണ്ടും കുറഞ്ഞു. തുടര്‍ന്ന് വലിയ വിഭാഗം ഹിന്ദുക്കള്‍ ഇന്ത്യയിലേക്ക് കുടിയേറി. ബംഗ്ലാദേശ് വിഭജനത്തോടെ കിഴക്കന്‍ പാകിസ്ഥാനിലെ ഹിന്ദുക്കള്‍ ബംഗ്ലാദേശിലായി. ഇത് കാരണമാണ് 1941ലെ കണക്കില്‍ നിന്ന് ഹിന്ദുക്കളുടെ എണ്ണം കുറയാനുള്ള പ്രധാന കാരണം. ഇത് ഇന്ത്യയിലെ നേതാക്കള്‍ മറച്ചുവയ്ക്കുകയാണ്. പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.