ന്യൂഡല്‍ഹി ഡിസംബര്‍ 14: കേന്ദ്ര സര്‍ക്കാരിനെതിരെ ഐക്യത്തോടെ നില്‍ക്കാന്‍ ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇത് ചെയ്തില്ലെങ്കില്‍ അംബേദ്ക്കര്‍ നിര്‍മ്മിച്ച ഇന്ത്യന്‍ ഭരണഘടന തകര്‍ത്തെറിയപ്പെടുമെന്നും പ്രിയങ്ക പറഞ്ഞു. സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് സംഘടിപ്പിച്ച ‘ഇന്ത്യ ബച്ചാവോ റാലി’യില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക.
ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു. ജിഎസ്ടി മൂലം വ്യാപാരികള്‍ നഷ്ടം നേരിടുന്നു, കൃഷിക്കാര്‍ കഷ്ടപ്പെടുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമം, ഇന്ത്യയുടെ തകരുന്ന സാമ്പത്തികാവസ്ഥ, സര്‍ക്കാരിന്‍റെ ജനദ്രോഹങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് കോണ്‍ഗ്രസ് പ്രക്ഷോഭ റാലി സംഘടിപ്പിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് തുടങ്ങിയവരും റാലിയില്‍ പങ്കെടുത്തു.