നിര്‍ഭയകേസ് പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് മലയാളിയുടെ കത്ത്

ന്യൂഡല്‍ഹി ഡിസംബര്‍ 13: നിര്‍ഭയ കേസിലെ നാല് പ്രതികളെ തൂക്കിലേറ്റാന്‍ തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് ആരാച്ചാരെ ലഭിക്കുന്നില്ലെന്ന വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ഈ ജോലി ഏറ്റെടുക്കാം എന്ന് അറിയിച്ച് ജയിലിലേക്ക് കത്തുകള്‍ അയക്കുന്നത്. ഇതില്‍ മലയാളികളും ഉണ്ടെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. മുംബൈ, ഡല്‍ഹി, ഗുരുഗ്രാം, കേരളം, തമിഴ്നാട്, ഛത്തീസ്ഗഡ്, എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ആരാച്ചാരാകാന്‍ തയ്യാറെന്ന് കാണിച്ച് കത്തയച്ചിരിക്കുന്നത്.

ലണ്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നുമടക്കം വിദേശത്ത് നിന്നുവരെ പ്രതികളെ തൂക്കിലേറ്റാന്‍ തയ്യാറാണെന്ന് പറഞ്ഞ് കത്തുകള്‍ ജയിലിലേക്ക് ലഭിക്കുന്നുണ്ട്. അഭിഭാഷകര്‍, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍റുമാര്‍ തുടങ്ങിയവരാണ് സന്നദ്ധത അറിയിച്ച് കത്തയച്ചവരില്‍ കൂടുതലും. ഡിസംബര്‍ 16ന് പ്രതികളെ തൂക്കിലേറ്റുമെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്.

മുകേഷ് സിങ്, വിനയ് ശര്‍മ്മ, അക്ഷയ് താക്കൂര്‍, പവന്‍ ഗുപ്ത എന്നിവരാണ് നിര്‍ഭയകേസില്‍ ജയിലില്‍ കഴിയുന്ന നാല് പ്രതികള്‍. നിര്‍ഭയകേസില്‍ ആറ് പ്രതികളാണ് ഉണ്ടായിരുന്നത്. വിചാരണയ്ക്കിടെ രാം സിങ് ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്തയാള്‍ 2015ല്‍ ജയില്‍ മോചിതനായി. 2012 ഡിസംബര്‍ 16നാണ് നിര്‍ഭയ കൂട്ടബലാത്സംഗത്തിനിരയായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →