ഉന്നാവ് ഡിസംബര്‍ 6: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ബലാത്സംഗത്തെ അതിജീവിച്ച പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം. ഉന്നാവില്‍ ബലാത്സംഗം ചെയ്ത രണ്ട് പ്രതികള്‍ ഉള്‍പ്പടെ അഞ്ചുപേരാണ് പെണ്‍കുട്ടിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ മാര്‍ച്ചിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായത്.
കേസിന്റെ വിചാരണയ്ക്കായി പോയ പെണ്‍കുട്ടിയെ ജാമ്യത്തിലിറങ്ങിയ പ്രതിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം തട്ടികൊണ്ട് പോയി തീകൊളുത്തുകയായിരുന്നു. 90 ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടി ചികിത്സയിലാണ്. മുഖ്യപ്രതി ശിവം ത്രിവേദി ഉള്‍പ്പടെ അഞ്ച് പ്രതികളെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സംഭവത്തില്‍ പൊള്ളലേറ്റ പെണ്‍കുട്ടിയുടെ ചികിത്സാചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് അറിയിച്ചു. പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. യുവതി രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമാണ് ഉള്ളതെന്ന് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ സുനില്‍ ഗുപ്ത അറിയിച്ചു.