ഷഹ്‌ലയുടെ മരണം: അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

വയനാട് നവംബര്‍ 27: വയനാട് ബത്തേരിയില്‍ അഞ്ചാം ക്ലാസുകാരി ഷഹ്‌ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സര്‍വ്വജന സ്കൂള്‍ അധ്യാപകര്‍ ഹൈക്കോടതിയെ സമീപിച്ചു. സിവി ഷജില്‍, വൈസ് പ്രിന്‍സിപ്പാള്‍ കെ കെ മോഹന്‍ എന്നിവരാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

സംഭവം നടക്കുമ്പോള്‍ താന്‍ സ്റ്റാഫ് റൂമിലായിരുന്നുവെന്നും പാമ്പ് കടിയേറ്റെന്ന് കുട്ടി പറഞ്ഞപ്പോള്‍ ക്ലാസ് മുറി പരിശോധിച്ചെന്നും പാമ്പിനെ കണ്ടെത്താനായില്ലെന്നുമാണ് ഷിജിലിന്റെ വാദം. കുട്ടികളോട് ക്ലാസില്‍ പോകാന്‍ ആവശ്യപ്പെട്ടത് രംഗം ശാന്തമാക്കാനും ഷഹ്‌ലയ്ക്ക് ശുദ്ധവായും ലഭിക്കാനാണെന്നും ഷിജില്‍ പറയുന്നു.

മറ്റൊരു അധ്യാപകന്‍ പറഞ്ഞാണ് താന്‍ കാര്യമറിഞ്ഞതെന്ന് വൈസ് പ്രിന്‍സിപ്പാളും പറഞ്ഞു. ഷഹ്‌ലയുടെ പിതാവ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയതിന്റെ പിന്നാലെ താനും ബൈക്കില്‍ പോയെന്ന് വൈസ് പ്രിന്‍സിപ്പാള്‍ വ്യക്തമാക്കി.

കുട്ടിയുടെ മരണത്തില്‍ പ്രിന്‍സിപ്പാള്‍, വൈസ് പ്രിന്‍സിപ്പാള്‍, അധ്യാപകന്‍ ഷിജില്‍, താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ ജിസ എന്നിവരെയാണ് പോലീസ് പ്രതി ചേര്‍ത്തിരിക്കുന്നത്. പ്രിന്‍സിപ്പാളിനെയും വൈസ് പ്രിന്‍സിപ്പാളിനെയും സസ്പെന്‍റ് ചെയ്യുകയും ചെയ്തിരുന്നു.

Share
അഭിപ്രായം എഴുതാം