ജെഎന്‍യു സമരം: വിദ്യാര്‍ത്ഥികളുടെ സമരം ഇരുപത്തിയേഴാം ദിവസത്തില്‍

ന്യൂഡല്‍ഹി നവംബര്‍ 23: ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയില്‍ ഫീസ് വര്‍ദ്ധനവിനെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരം ഇരുപത്തിയേഴാം ദിവസത്തില്‍. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ഇന്ന് പാര്‍ലമെന്റിലേക്ക്‌ മാര്‍ച്ച് നടത്തും. രാവിലെ 11 മണിക്ക് മണ്ഡി ഹൗസില്‍ നിന്ന് മാര്‍ച്ച് തുടങ്ങുമെന്ന് സംഘാടകര്‍ അറിയിച്ചു.

പാര്‍ലമെന്റിലേക്ക്‌ കഴിഞ്ഞ തവണ നടത്തിയ മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയിരുന്നു. അന്ധവിദ്യാര്‍ത്ഥികളെയടക്കം പോലീസ് തല്ലിയതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ കൗണ്‍സിലര്‍ വിഷ്ണുപ്രസാദ് ദേശീയ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു.

വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഉന്നതാധികാര സമിതി ഇന്നലെ ക്യാമ്പസിലെത്തി ചര്‍ച്ച നടത്തിയിരുന്നു. വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവെച്ച ആവശ്യങ്ങളില്‍ പകുതിയിലേറെ സമിതി അംഗീകരിച്ചെന്ന് സൂചനയുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും. ഫീസ് വര്‍ദ്ധനവ് പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് വിദ്യാര്‍ത്ഥി യൂണിയന്റെ തീരുമാനം.

Share
അഭിപ്രായം എഴുതാം