ന്യൂഡല്‍ഹി നവംബര്‍ 21: തെലങ്കാന രാഷ്ട്രസമിതി എംഎല്‍എ ചിന്നാമനേനി രമേശിന്‍റെ പൗരത്വം റദ്ദാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നടപടി. ജര്‍മന്‍ പൗരനായ രമേശ് ചട്ടലംഘനം നടത്തി ഇന്ത്യന്‍ പൗരത്വം നേടിയെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം. വെമുലവാദ നിയോജക മണ്ഡലത്തില്‍ മൂന്ന് തവണയായി എംഎല്‍എയാണ് രമേശ്.
പൗരത്വ ചട്ടപ്രകാരം ഒരാള്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍ അപേക്ഷ നല്‍കുന്നതിന് മുമ്പ് കുറഞ്ഞത് 12 മാസമെങ്കിലും ഇന്ത്യയില്‍ ഉണ്ടായിരിക്കണമെന്നുണ്ട്. 1990ല്‍ രമേശ് ജര്‍മനിയിലെത്തുകയും 1993ല്‍ ജര്‍മന്‍ പൗരത്വം നേടുകയും ചെയ്തു. 2008ല്‍ ഇന്ത്യയിലേക്ക് മടങ്ങുകയും ഇന്ത്യന്‍ പൗരത്വം നേടുകയും ചെയ്തു.
2009ല്‍ വെമുലവാദയില്‍ നിന്ന് മത്സരിച്ച് ജയിച്ച് രമേശ് എംഎല്‍എയായി. രമേശിനെതിരെ മത്സരിച്ച പ്രാദേശിക നേതാവ് ആദി ശ്രീനിവാസാണ് ചട്ടലംഘനം ഉന്നയിച്ച് ആഭ്യന്തരമന്ത്രാലയത്തിന് പരാതി നല്‍കിയത്. ആഭ്യന്തരമന്ത്രാലയം നിയോഗിച്ച കമ്മിറ്റി പരാതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് കണ്ടെത്തി. തുടര്‍ന്ന് 2017-ല്‍ രമേശിന്‍റെ പൗരത്വം റദ്ദാക്കിയെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്ത് ആഭ്യന്തരമന്ത്രാലയം നടപടി പുനഃപരിശോധനയ്ക്ക് വിടുകയും ചെയ്തു. 2019 ജൂലൈയില്‍ ഹൈക്കോടതി കേസ് തള്ളി. ഇതിനെതിരെ വീണ്ടും കോടതിയെ സമീപിക്കുമെന്നും രമേശ് പറഞ്ഞു.