ന്യൂഡല്‍ഹി നവംബര്‍ 20: ശബരിമല ഭരണ നിര്‍വ്വഹണത്തിന് പ്രത്യേക നിയമം വേണമെന്ന് സുപ്രീംകോടതി. ഇന്ന് തന്നെ മറുപടി വേണമെന്നും കോടതി ആവശ്യപ്പെട്ടു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും ഭരണ നിര്‍വ്വഹണത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിക്കാന്‍ നേരത്തെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് പന്തളം രാജകുടുംബം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബഞ്ച് വാദം കേട്ടത്.
പ്രതിവര്‍ഷം 50 ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ശബരിമലയിലെത്തുന്നത്. അതുകൊണ്ട് തന്നെ ശബരിമലയെ മറ്റ് ക്ഷേത്രങ്ങളുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ശബരിമലയ്ക്ക് മാത്രമായൊരു നിയമം കൊണ്ടുവരേണ്ട സാഹചര്യം ഉണ്ടെന്നും കോടതി പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിശാല ഭരണഘടന ബഞ്ചിന്‍റെ വിധി എതിരായാല്‍, ലിംഗ സമത്വം എങ്ങനെ ഉറപ്പാക്കുമെന്നും കോടതി ചോദിച്ചു. വിധി എതിരായാല്‍ യുവതികളെ എങ്ങനെ ശബരിമലയില്‍ ജീവനക്കാരായി നിയമിക്കുമെന്നും കോടതി ചോദിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി നേരത്തെ ഹാജരായിരുന്നത്.