ന്യൂഡൽഹി നവംബർ 20: ഐഎൻഎക്സ് മീഡിയ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ബുധനാഴ്ച നോട്ടീസ് നൽകി. ജസ്റ്റിസ് ഭാനുമതി, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വിഷയം നവംബർ 26 ന് കേൾക്കും.
നവംബർ 25 നകം പ്രതികരണം നൽകുമെന്ന് ഇഡിക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ പറഞ്ഞു.
91 ദിവസം കസ്റ്റഡിയിൽ കഴിയുന്നതിനാൽ ജാമ്യം അനുവദിക്കണമെന്ന് ചിദംബരത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബലും അഭിഷേക് മനു സിങ്‌വിയും കോടതിയെ അറിയിച്ചു.
ചിദംബരത്തിനെതിരെയുള്ള കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ ഗൗരവമുള്ളതാണെന്നും കുറ്റകൃത്യത്തിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചുവെന്നും ദില്ലി ഹൈക്കോടതി പറഞ്ഞു.
മുതിർന്ന കോൺഗ്രസ് നേതാവിനെ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) ഓഗസ്റ്റ് 21നാണ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 22 ന് ജാമ്യം ലഭിച്ചു . ചിദംബരത്തിനെ ഒക്ടോബർ 16 ന് ഇഡി അറസ്റ്റ് ചെയ്തു. ഇപ്പോൾ വിചാരണക്കോടതിയുടെ ഉത്തരവ് പ്രകാരം നവംബർ 27 വരെ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.