ന്യൂഡല്‍ഹി നവംബര്‍ 18: അയോദ്ധ്യയില്‍ ബാബ്റി മസ്ജിദ് നിലനിന്നിരുന്ന ഭൂമി രാമക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുനല്‍കിയ സുപ്രീംകോടതിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുമെന്ന് മുസ്ലീം വ്യക്തിനിയമ ബോര്‍ഡ്. ഞായറാഴ്ച ലഖ്നൗവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ജമിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയും ഹര്‍ജി കൊടുക്കും. എന്നാല്‍ കേസില്‍ കക്ഷിയായ യുപി സുന്നി വഖഫ് ബോര്‍ഡ് തീരുമാനത്തോട് വിയോജിച്ചു. കോടതി വിധിയെ ചോദ്യം ചെയ്യില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സഫര്‍ ഫാറൂഖി വ്യക്തമാക്കി.
ഭൂമിതര്‍ക്കകേസില്‍ കക്ഷിയല്ലാത്ത വ്യക്തിനിയമ ബോര്‍ഡിന് പുനഃപരിശോധന ഹര്‍ജി നല്‍കാന്‍ കേസിലെ എട്ട് മുസ്ലീം കക്ഷികളിലാരുടെയെങ്കിലും സഹായം വേണം. വ്യക്തിനിയം ബോര്‍ഡിന്‍റെ ഒപ്പം നില്‍ക്കുമെന്ന് കക്ഷികളിലൊരാളായ മുഹമ്മദ് ഉമര്‍ പറഞ്ഞു. പള്ളിയുടെ സ്ഥലം അല്ലാഹുവിന്‍റേതാണെന്നും മറ്റാര്‍ക്കും അത് നല്‍കാനാവില്ലെന്നും വ്യക്തിനിയമ ബോര്‍ഡിന്‍റെ യോഗത്തിന്ശേഷം സെക്രട്ടറി സഫര്യാബ് ജിലാനി വ്യക്തമാക്കി. കോടതിയനുവദിച്ച അഞ്ചേക്കര്‍ ഏറ്റെടുക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നവംബര്‍ 9നാണ് അയോദ്ധ്യയില്‍ തര്‍ക്കം നിന്ന 2.77 ഏക്കര്‍ ഭൂമി പ്രതിഷ്ഠയായ രാം ലല്ലയ്ക്ക് വിട്ടു കൊടുത്ത് സുപ്രീംകോടതി വിധി പറഞ്ഞത്. പള്ളി നിര്‍മ്മിക്കാനായി അഞ്ചേക്കര്‍ നല്‍കാനും ഭരണഘടന ബഞ്ച് ഉത്തരവിട്ടു.