മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതകള്‍ തേടി പാര്‍ട്ടികള്‍

ദേവേന്ദ്ര ഫഡ്നാവിസ്, ഉദ്ധവ് താക്കറെ

മുംബൈ നവംബര്‍ 13: മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണമായെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യകള്‍ തേടി സംസ്ഥാനത്തെ പാര്‍ട്ടികള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

എന്‍സിപിയുമായി ചര്‍ച്ച നടത്താനായി കോണ്‍ഗ്രസ്സ് നേതാക്കള്‍ പുറപ്പെട്ടതിന് പിന്നാലെയാണ് രാഷ്ട്രപതി ഭരണത്തിനായുള്ള ഉത്തരവ് ഇറങ്ങിയത്. ശിവസേനയുമായി പലകാര്യത്തിലും തര്‍ക്കങ്ങളുണ്ട്. പെട്ടെന്നൊരു ദിവസം സഖ്യം രൂപീകരിക്കാന്‍ കഴിയില്ലെന്നും പൊതുമിനിമം പരിപാടി വേണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു.

ബിജെപിയുമായുള്ള ബന്ധം കഴിഞ്ഞെന്നും കോണ്‍ഗ്രസ്സും എന്‍സിപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

സര്‍ക്കാര്‍ രൂപീകരിക്കാനായി ചര്‍ച്ചകള്‍ തുടരുമെന്ന് ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. എന്ത് വില കൊടുത്തും സര്‍ക്കാരുണ്ടാക്കുമെന്ന് ബിജെപി നേതാവ് നാരായണന്‍ റാണയും പറഞ്ഞു.

Share
അഭിപ്രായം എഴുതാം