തിരുവനന്തപുരം ഒക്ടോബര്‍ 30: കേരളത്തില്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത. ലക്ഷദ്വീപ് തീരത്ത് ന്യൂനമര്‍ദ്ദം ശക്തിപ്പെടുത്തുന്നതിനാലാണ് മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റിനുള്ള സാധ്യതയും ഉണ്ടെന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപ് തീരത്തെ ന്യൂനമര്‍ദ്ദം കൂടുതല്‍ ശക്തി പ്രാപിക്കുകയാണ്. വരും മണിക്കൂറുകളില്‍ അത് തീവ്ര ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുണ്ട്. നവംബര്‍ ഒന്നാം തീയതി വൈകിട്ടോടുകൂടി ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് കാലാവസ്ഥ കേന്ദ്രം പറയുന്നത്.
ഇന്ന് മണിക്കൂറില്‍ 60 കിമീ വേഗത്തില്‍ വരെ കാറ്റ് വീശും. ഒന്നാം തീയതി അത് 70 കിമീ വരെയാകാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴയും കാറ്റും ഉണ്ടാകും. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. വെള്ളിയാഴ്ച മുതല്‍ വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ മഴ പെയ്യുമെന്നും കാലാവസ്ഥ കേന്ദ്രം പറയുന്നു.