കൂടത്തായി കൂട്ടകൊലകേസ്: പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊല്ലപ്പെട്ട ടോം തോമസ്, അന്നമ്മ തോമസ്, റോയ്, മാത്യു, ആല്‍ഐന്‍, സിലി (ഇടത്) ജോളി (വലത്)

കോഴിക്കോട് ഒക്ടോബര്‍ 10: 2002 മുതല്‍ 2016 വരെ 14 വര്‍ഷങ്ങള്‍ക്കിടയിലാണ് ഒരേ കുടുംബത്തിലെ 6 പേര്‍ സമാന സാഹചര്യത്തില്‍ മരിച്ചത്. 2002 ഓഗസ്റ്റ് 22ന് നടന്ന റിട്ട. അധ്യാപികയായ അന്നമ്മ തോമസിന്‍റെയും (57) ഭര്‍ത്താവ് പൊന്നമറ്റത്തെ ടോം തോമസിന്‍റെയും(66) മരണം സ്വാഭാവികമാണെന്നാണ് കരുതിയത്. പിന്നീട് 3 വര്‍ഷത്തിന് ശേഷം മരിച്ച ഇവരുടെ മകന്‍ റോയ് തോമസിന്‍റെ (40) മരണം ആത്മഹത്യയാണെന്ന് കരുതിയെങ്കിലും പോസ്റ്റ്മോര്‍ട്ടത്തില്‍ സൈനെഡിന്‍റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ബന്ധുക്കള്‍ക്ക് പരാതി ഇല്ലാതിരുന്നതിനാല്‍ പിന്നീട് ആത്മഹത്യയെന്ന നിഗമനത്തില്‍ കേസ് അവസാനിപ്പിച്ചു. 2014 ഫെബ്രുവരി 24ന് അന്നമ്മയുടെ സഹോദരന്‍ മാത്യുവും (68) കുഴഞ്ഞ് വീണ് മരിച്ചു. 2014 മേയ് 3ന് ടോം തോമസിന്‍റെ സഹോദരന്‍ ഷാജുവിന്‍റെ മകള്‍ ആല്‍ഫൈന്‍ (2) ആഹാരം കഴിച്ചതിന് പിന്നാലെ ബോധരഹിതയായി, ആശുപത്രിയിലെത്തി മൂന്നാം ദിവസം മരിച്ചു. ഷാജുവിന്‍റെ ഭാര്യ സിലി 2016 ജനുവരി 11ന് കുഴഞ്ഞ് വീണ് മരിച്ചു.

കൊല്ലപ്പെട്ട ടോം തോമസിന്‍റെ മകന്‍ റോജോ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം ആരംഭിച്ചത്. കൊല്ലപ്പെട്ട സിലിയുടെ ഭര്‍ത്താവ് പിന്നീട് ജോളിയെ വിവാഹം ചെയ്തിരുന്നു. ഷാജു ഉള്‍പ്പെടെ നിരവധി പേര്‍ കേസില്‍ പ്രതികളാണ്. കുടുംബത്തിലെ ആറുപേരെയും ചെറിയ അളവില്‍ വിഷം നല്‍കിയാണ് കൊലപെടുത്തിയതെന്ന് പോലീസ് കണ്ടെത്തി. കുടുംബത്തിലെ ആറ് പേര്‍ മരിച്ചതോടെ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ ജോളി ശ്രമിച്ചതും സംശയമുണ്ടാക്കി.

ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിലെത്തിച്ചു. ജില്ലാ ജയിലില്‍ നിന്നും സബ്ജയിലില്‍ നിന്നുമാണ് പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയത്. കനത്ത സുരക്ഷയിലാണ് പ്രതികളെ പോലീസ് കോടതിയിലെത്തിച്ചത്. 11 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. കസ്റ്റഡിയില്‍ ലഭിച്ചാല്‍ വടകര റൂറല്‍ ഓഫീസിലെത്തിക്കും. പ്രാഥമിക ചോദ്യം ചെയ്യലിന്ശേഷം തെളിവെടുപ്പിന് കൊണ്ടുപോകും.

Share
അഭിപ്രായം എഴുതാം