മംഗളൂരു ഒക്ടോബര്‍ 5: കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച പ്രളയ ദുരിതാശ്വാസ ഫണ്ട് അപര്യാപ്തമാണെന്ന് മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ സിദ്ധരാമയ്യ പറഞ്ഞു. 38,000 കോടി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, രണ്ട് മാസത്തിന് ശേഷം, കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് 1,200 കോടി രൂപയാണ്. അത് ദുരിതാശ്വാസത്തിന് കുറവാണെന്നും, കുറഞ്ഞത് 5,000 കോടിയെങ്കിലും തരാമായിരുന്നുവെന്നും അദ്ദേഹം ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.
ഇത്ര അപര്യാപ്തമായ തുക ലഭിച്ചത് സംസ്ഥാനത്തിന്‍റെ പരാജയമാണെന്നും, സംസ്ഥാന സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പയ്ക്ക് ധനകാര്യത്തിനെപ്പറ്റി തീരെ അറിവില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെതിരെ സംസാരിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന ചോദ്യത്തിന് മറുപടിയായി, പ്രധാനമന്ത്രി നരേന്ദ്രമോദി ഹിറ്റ്ലറുടെ പാരമ്പര്യമാണ് തുടരുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.