ലഖ്നൗ ആഗസ്റ്റ് 26: കോണ്‍ഗ്രസ്സിനെയും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളെയും നിശിതമായി വിമര്‍ശിച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതി. അനുവാദമില്ലാതെ കാശ്മീരിലേക്ക് പോയതിനും കേന്ദ്രത്തിനും ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ക്കും അനാവശ്യമായി രാഷ്ട്രീയം സൃഷ്ടിക്കാന്‍ അവസരം കൊടുത്തതിനുമാണ് തിങ്കളാഴ്ച മായാവതി വിമര്‍ശിച്ചത്.
അനുച്ഛേദം 370 റദ്ദാക്കിയത് മൂലം കാശ്മീരില്‍ മുമ്പുണ്ടകാത്ത അവസ്ഥയാണ് സൃഷ്ടിച്ചതെന്നും അത് സാധാരണ നിലയിലാകാന്‍ സമയം എടുക്കുമെന്നും മായാവതി തിങ്കളാഴ്ച ട്വീറ്റ് ചെയ്തു. കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അല്‍പ്പമൊന്ന് കാത്തിരിക്കാനും മായാവതി കൂട്ടിച്ചേര്‍ത്തു.
ഇത്തരമൊരു സന്ദര്‍ഭത്തില്‍ കാശ്മീരിലേക്ക് പോകുന്നതിന് മുന്‍പ് രണ്ട് വട്ടം ചിന്തിക്കണമായിരുന്നുവെന്നും മായാവതി പ്രതികരിച്ചു. അത് മൂലം ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനും കേന്ദ്രത്തിനും കാശ്മീരിന് മുകളില്‍ രാഷ്ട്രീയത്തിനുള്ള അവസരമാണ് ഒരുക്കിയതെന്നും മായാവതി പറഞ്ഞു.
ഡോ അംബേദ്ക്കര്‍ അനുച്ഛേദം 370നെ പിന്തുണച്ചില്ല. കാരണം അദ്ദേഹം വിശ്വസിച്ചിരുന്നത് ഇന്ത്യയുടെ ഐക്യത്തിലാണ്. അത്കൊണ്ടാണ് ബിഎസ്പിയും അനുച്ഛേദം 370 റദ്ദാക്കാനുള്ള സര്‍ക്കാരിന്‍റെ തീരുമാനത്തിനെ പിന്തുണയ്ക്കുന്നതെന്ന് മായാവതി വ്യക്തമാക്കി.
പ്രതിപക്ഷനേതാക്കളായ രാഹുല്‍ ഗാന്ധി, ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ്മ, കെസി വേണുഗോപാല്‍, സീതാറാം യെച്ചൂരി, ഡി രാജ, മനോജ് ജ, കുപേന്ദ്ര റെഡ്ഡി, മജീദ് മേമോന്‍, തിരുച്ചി ശിവ, ശാരദ് യാദവ് തുടങ്ങിയവര്‍ ശനിയാഴ്ച ശ്രീനഗറിലേക്ക് പോയിരുന്നു. എന്നാല്‍ അവരെ ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് പുറത്ത് കടക്കാനുള്ള അനുവാദം നിഷേധിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് തിരികെ പോകേണ്ടി വന്നു. ഇതിനെതിരെയാണ് മായാവതി പ്രതികരിച്ചത്.