അബ്ദുള്‍കലാം അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ശിവന് സമ്മാനിച്ചു

മുഖ്യമന്ത്രി പളനിസ്വാമിയില്‍ നിന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ ശിവന്‍ അബ്ദുള്‍കലാം അവാര്‍ഡ് സ്വീകരിക്കുന്നു

ചെന്നൈ ആഗസ്റ്റ് 22: തമിഴ്നാട് സര്‍ക്കാരിന്‍റെ ഡോ എപിജെ അബ്ദുള്‍കലാം അവാര്‍ഡ് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ കെ ശിവന് വ്യാഴാഴ്ച സമ്മാനിച്ചു. ജൂലൈ 22ന് വിക്ഷേപണം ചെയ്ത ചന്ദ്രയാന്‍ 2 അദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് വിജയകരമായി വിക്ഷേപിച്ചത്.

സ്വതന്ത്രദിനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. എന്നാല്‍ അന്ന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തത് മൂലം ഇന്ന് സംസ്ഥാന സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രി കെ പളനിസ്വാമിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. സ്വര്‍ണ്ണമെഡലും സര്‍ട്ടിഫിക്കറ്റുമടങ്ങുന്ന അവാര്‍ഡ് അദ്ദേഹത്തിന് സമ്മാനിച്ചു.

കന്യാകുമാരി ജില്ലയില്‍ ജനിച്ച ശിവനെ ‘റോക്കറ്റ്മാന്‍’ എന്നാണ് അറിയപ്പെടുന്നത്. ചന്ദ്രയാന്‍ 2 സെപ്റ്റംബര്‍ 7ന് ചന്ദ്രനിലെത്തുമെന്ന് ശിവന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അടുത്ത ചന്ദ്രദൗത്യമായ ചന്ദ്രയാന്‍ 3ന് പദ്ധതിയുണ്ടെന്നും ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍ 2ല്‍ ഒരു സ്ത്രീയായിരുന്നു പ്രോജക്റ്റ് ഡയറക്ടര്‍. ഇനിയും കൂടുതല്‍ സ്ത്രീകള്‍ക്ക് അവസരം ലഭിക്കണമെന്നും സ്ത്രീ-പുരുഷ വിവേചനം പാടില്ലെന്നും ശിവന്‍ കൂട്ടിച്ചേര്‍ത്തു.

Share
അഭിപ്രായം എഴുതാം