ജുഡീഷ്യറിയുടെ ചരിത്രത്തില്‍ ഈ പ്രതിസന്ധി ആദ്യത്തേത്

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെയുള്ള പരാതിക്ക് പിന്നിലുള്ള താത്പര്യങ്ങളുടെ അന്വേഷണം നടന്നു വരികയാണ്. അതേസമയം പരാതിക്കാരിയുടെ ആക്ഷേപങ്ങള്‍ പരിശോധിക്കാന്‍ രൂപീകരിച്ച സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് നടപടികള്‍ പൂര്‍ത്തിയാക്കുകയും പരാതിയില്‍ കഴമ്പുള്ളതൊന്നും ഇല്ലായെന്ന് വിധിക്കുകയും ചെയ്തിരിക്കുകയാണ്. അതിന്‍റെ കോപ്പി ആവശ്യപ്പെട്ടുകൊണ്ട്, തീരുമാനമെടുത്ത ജഡ്ജിമാര്‍ക്ക് നല്‍കപ്പെട്ടിരിക്കുന്ന അപേക്ഷ സൂചിപ്പിക്കുന്നത് കേസും വിവാദവും തുടരുമെന്ന് തന്നെയാണ്.
പരമോന്നത നീതിപീഠത്തിന്‍റെ തലവനെതിരെയും അതിന്‍റെ അന്വേഷണമാകട്ടെ സുപ്രീംകോടതിയുടെ തലത്തിലുമാണ്. സവിശേഷമായ ഒരു സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. ലൈംഗിക പീഡന പരാതികള്‍ ആരോപിക്കപ്പെടുമ്പോളോ പോലീസ് കുറ്റമാരോപിച്ച് പ്രതികളെ അറസ്റ്റ് ചെയ്യുമ്പോഴോ ആ നടപടികള്‍ കഴമ്പില്ലാത്തതാണെങ്കില്‍ പ്രതികള്‍ സമീപിക്കാറുണ്ട്. കോടതി കുറ്റപത്രം റദ്ദ് ചെയ്ത സംഭവങ്ങളും ഉണ്ട്. കുറ്റപത്രങ്ങള്‍ റദ്ദ് ചെയ്തുകിട്ടണമെന്ന ആവശ്യം വിചാരണകോടതി മുതല്‍ സുപ്രീംകോടതിവരെ എത്താറുമുണ്ട്.
എന്നാല്‍ പരാതി പരമോന്നത നീതിപീഠത്തിന്‍റെ തലവനുനേരെയാണ്. സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പരാതി കഴമ്പില്ലാത്തതാണെന്ന് കണ്ടെത്തി. അതിന്‍റെ റിപ്പോര്‍ട്ട് വിവരാവകാശ പ്രകാരം ലഭിക്കാന്‍ അര്‍ഹതയുണ്ട് എന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി രംഗത്തുവന്നതോടെ അത് സംബന്ധിച്ചും തീരുമാനമെടുക്കേണ്ട സ്ഥിതിവിശേഷത്തിലേക്ക് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് എത്തുകയാണ്.
വിവരാവകാശനിയമം പ്രാബല്യത്തില്‍ വരുന്നതിനുമുമ്പാണ് ഇന്ദിരാ ജെയ്സിങ് കേസിലെ വിധി. ആ വിധി പ്രകാരം സുപ്രീംകോടതിക്ക് ഉള്ളിലുള്ള കാര്യങ്ങള്‍ അന്വേഷിക്കുവാന്‍ രൂപീകരിക്കുന്ന സമിതിയുടെ റിപ്പോര്‍ട്ടുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കേണ്ടതില്ല. കോടതിക്ക് സ്വയം തീരുമാനമെടുത്ത് മുമ്പോട്ടു പോകാം. എന്നാല്‍ വിവരാവകാശനിയമം പ്രാബല്യത്തില്‍ വന്നശേഷം ജഡ്ജിമാരുടെ സ്വത്തു സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതിയുടെ ഫുള്‍ബെഞ്ചിന്‍റെ വിധി ഉണ്ടായി. ജഡ്ജിമാരുടെ സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ ഏതൊരു പൗരനും ലഭ്യമാക്കണം എന്നായിരുന്നു വിധി. ആ വിധി ഉദ്ധരിച്ചുകൊണ്ടാണ് പരാതിക്കാരി ഇപ്പോള്‍ മൂന്നംഗ ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
വിവരാവകാശനിയമമോ പരാതിക്കാരിക്ക് ലഭിക്കേണ്ട സ്വാഭാവികനീതിയുടെ പ്രശ്നമോ സംബന്ധിച്ച തലത്തിലേക്ക് കേസ് ഇപ്പോള്‍ മാറുകയാണ്. ഇവരുടെ പരാതി അര്‍ത്ഥരഹിതമാണ് എന്ന് കണ്ടെത്തിയ മൂന്നംഗ ജഡ്ജിമാരുടെ സമിതി എങ്ങനെയാണ് അവര്‍ അങ്ങനെ കണ്ടെത്തിയത് എന്ന് അറിയുവാനുള്ള പരാതിക്കാരിയുടെ അവകാശവും, സ്വാഭാവിക നീതിയും സംബന്ധിച്ച് എന്തു തീരുമാനം കൈക്കൊള്ളും എന്നത് ഗൗരവമുള്ള ഒരു പ്രശ്നമായിരിക്കയാണ്.
തൊഴിലിടങ്ങളിലെ ലൈംഗിക അതിക്രമം തടയുന്ന നിയമം രാജ്യത്ത് മുഴുവന്‍ ബാധകമായിരിക്കെ സുപ്രീംകോടതി തൊഴില്‍ ഇടമാണോ അല്ലയോ എന്ന വിഷയം കൂടി പരിശോധിക്കേണ്ടി വരികയാണ്. തൊഴില്‍ ഇടം എന്ന നിര്‍വചനത്തില്‍ സുപ്രീംകോടതി വരുമെങ്കില്‍ അവിടെ തൊഴില്‍ എടുത്ത ഒരു വനിത താന്‍ ലൈംഗിക അതിക്രമത്തിന് തൊഴിലിടത്ത് ഇരയായി എന്ന് പരാതി നല്‍കിയാല്‍, ആ നിയമം പറയുന്ന നടപടിക്രമങ്ങളുടെ ഭാഗമായിട്ടല്ലാതെ, സുപ്രീംകോടതിക്കു ഒരു സമിതിയെ വച്ച് പരിഹരിക്കാന്‍ കഴിയുമോ എന്നുള്ള പുതിയ പ്രശ്നങ്ങളും ഈ കേസ് ഉയര്‍ത്തുന്നുണ്ട്.
ഏതൊരു പരാതി സംബന്ധിച്ചും അന്വേഷണമോ കുറ്റപത്രമോ പാടുണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ച് കേസ് ഉല്‍ഭവിച്ചാല്‍ അതു തീരുമാനിക്കുവാനുള്ള അധികാരം കോടതിക്കാണ്. പരമാധികാര കോടതിയാണ് സുപ്രീംകോടതി. സുപ്രീംകോടതിയുടെ തലവനെതിരെ ഒരു കുറ്റകൃത്യം സഹപ്രവര്‍ത്തക ആയിരുന്ന സ്ത്രീ ഉന്നയിക്കുമ്പോള്‍ അതില്‍ കേസ് വേണ്ട എന്ന് സുപ്രീംകോടതിക്ക് തീരുമാനിക്കാന്‍ കഴിയുമോ എന്ന പ്രശ്നം ഗൗരവമുള്ളതാണ്. ഒരുപക്ഷേ, ജുഡീഷ്യറിയുടെ ചരിത്രത്തില്‍ സമാനമായ ഒരു അനുഭവവും പ്രതിസന്ധിയും ഉണ്ടായിട്ടില്ല. ഇത്തരം സാചര്യം ചരിത്രത്തില്‍ മറ്റൊരു ജൂഡീഷ്യറിക്കും നേരിടേണ്ടി വന്നിട്ടുമില്ല.
ജസ്റ്റിസ് ബോബ്ഡെ, ഇന്ദുമല്‍ഹോത്ര, ഇന്ദിര ബാനര്‍ജി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് മുന്‍ ജീവനക്കാരിയുടെ പരാതിയില്‍ കാര്യമൊന്നുമില്ല എന്ന് തീരുമാനിച്ചത്. പരാതിക്കാരിക്ക് ഒരു വക്കീലിന്‍റെ സേവനം ലഭ്യമാക്കാന്‍ അനുവദിക്കാതിരുന്നതും കമ്മറ്റിയുടെ നടപടിക്രമങ്ങളിലെ സുതാര്യത ഇല്ല എന്നും എല്ലാം നിയമവൃത്തങ്ങളില്‍ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.
പരാതിക്കാരി ഒരു പത്രപ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത് സുപ്രീംകോടതിയിലെ ബഹുമാന്യരായ മൂന്ന് ജഡ്ജിമാരുടെ മുമ്പിലേക്ക് ഒരാളുടെയെങ്കിലും സഹായമോ അഭിഭാഷകനുള്‍പ്പെടെ മറ്റൊരാളുടെയെങ്കിലും സഹായമില്ലാതെ ചെല്ലുവാന്‍ എനിക്ക് ഭയമായിരുന്നു എന്നാണ്. ജഡ്ജിമാരുടെ സമിതിയില്‍ നിന്ന് നീതികിട്ടാന്‍ ഇടയില്ല എന്ന് തോന്നിയതു കൊണ്ടാണ് നടപടിക്രമങ്ങളില്‍ പങ്കെടുക്കാതിരുന്നത് എന്നും അവര്‍ പറയുന്നു.
പരാതിക്കാരി അന്വേഷണത്തില്‍ നിന്ന് വിട്ടുനിന്നു. എക്സ് പാര്‍ട്ടിയായി മൂന്നംഗ സമിതി നടപടികള്‍ പൂര്‍ത്തീകരിക്കുകയും സുപ്രീംകോടതി ചീഫ്ജസ്റ്റിസിനെതിരായിട്ടുള്ള ആരോപണങ്ങളില്‍ വസ്തുത ഇല്ല എന്ന് വിധിക്കുകയുമായിരുന്നു.
ഏതാനും അഭിഭാഷകരും റിട്ടേഡ് ജസ്റ്റിസ്മാരും അനുകൂലമല്ലാത്ത പ്രതികരണങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്.
മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജെയ്സിങ് പറയുന്നത് അന്വേഷണ റിപ്പോര്‍ട്ടിന്‍റെ കണ്ടെത്തലുകള്‍ പുറത്തുവിടണമെന്നാണ്. വിവരാവകാശ കാലഘട്ടത്തിനു മുമ്പുള്ള ഒരു വിധിക്ക് ഇപ്പോള്‍ പ്രസക്തിയൊന്നുമില്ല എന്നും അവര്‍ പറയുന്നു.
ഡല്‍ഹി ഹൈക്കോടതിയുടെ മുന്‍ ചീഫ്ജസ്റ്റിസ് എ.പി. ഷാ മൂന്നംഗ സമിതിയുടെ അന്വേഷണത്തെ പറ്റി പ്രതികൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. നീതിയെ പൂര്‍ണ്ണമായി കളിയാക്കുന്ന ഒന്ന് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
ശക്തമായ ഒരു സ്ഥാപനത്തിലെ മൂന്ന് ശക്തരായ ജഡ്ജിമാരുടെ മുമ്പില്‍ ഒരു സ്ത്രീയോട് ഒറ്റയ്ക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ല എന്നും ഒരു സുഹൃത്തിന്‍റെയോ അഭിഭാഷകന്‍റെയോ കൂട്ട് ആവശ്യപ്പെടുന്നത് ന്യായമാണെന്നും അദ്ദേഹം പറയുന്നു.
ജുഡീഷ്യറിയെ ഒരു നിഷ്പക്ഷ സ്ഥാപനമാണ് എന്ന് ഉറപ്പാക്കുന്നതിന് വേണ്ടി സുപ്രീംകോടതിയുടെ ഉള്ളില്‍ മാത്രമുള്ള അന്വേഷണമാക്കാതെ അതിന് വെളിയില്‍ ജഡ്ജിമാരുടെ ഒരു അന്വേഷണം ആയിരുന്നു വേണ്ടത് എന്നതായിരുന്നു എന്‍റെ അഭിപ്രായം. റിട്ടേഡ് ജസ്റ്റിസ് എ.പി. ഷാ അഭിപ്രായപ്പെട്ടു.
അതിനിടെ സുപ്രീംകോടതിക്ക് പുറത്ത് സ്ത്രീകളുടെ പ്രതിഷേധം ഉണ്ടായി. മെയ് 7-ാം തീയതി ആണ് നിരവധി സ്ത്രീകള്‍ പ്രതിഷേധവുമായി എത്തിയത്. അതില്‍ അഭിഭാഷകമാരും ഉണ്ടായിരുന്നു. ചീഫ്ജസ്റ്റിസിനെ കുറ്റവിമുക്തമാക്കിയതിനെ എതിര്‍ത്തുകൊണ്ടായിരുന്നു പ്രകടനം. സുപ്രീംകോടതി പരിസരം വിവിഐപി മേഖലയായതിനാല്‍ ഡല്‍ഹി പോലീസ് 144 പ്രകാരം പ്രകടനക്കാരെ കസ്റ്റഡിയിലെടുത്തു. കസ്റ്റഡിയിലെടുത്തവരെ പിന്നീട് വിട്ടയയ്ക്കുകയുണ്ടായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →