തിരുവനന്തപുരം മെയ് 4: താടി വളര്‍ത്തിയ 29കാരനായ ഈ അത്തര്‍ വില്‍പ്പനക്കാരന്‍ കേരളത്തിലെവിടെയായിരുന്നു ചാവേര്‍ ആക്രമണത്തിലൂടെ മരണം വിതയ്ക്കുവാന്‍ ലക്ഷ്യമിട്ടിരുന്നത് എന്ന ചോദ്യം ഉയരുകയാണ്. ശ്രീലങ്കന്‍ സൈന്യാധിപന്‍റെ വെളിപ്പെടുത്തലോടുകൂടി ഒരു കാര്യം വ്യക്തമായിരിക്കുകയാണ്. ശ്രീലങ്കയില്‍ നടന്നതുപോലെയുള്ള ഒന്ന് കേരളം ഉള്‍പ്പെടെ തെക്കേ ഇന്ത്യയില്‍ നടപ്പാക്കുവാന്‍ ഒരേ കേന്ദ്രത്തില്‍ നിന്ന് പദ്ധതിയുണ്ടായിരുന്നു.
നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയുടെ കസ്റ്റഡിയില്‍ കഴിയുന്ന പാലക്കാട് മുതലമട ചുള്ളിയാര്‍മേട്ടിലെ ചപ്പക്കാട്ട് വീട്ടില്‍ റിയാസ് അബൂബക്കര്‍ എന്ന 29കാരന്‍ ജനുവരിയില്‍ പുതുവര്‍ഷ ദിനത്തില്‍ തന്നെ ശ്രീലങ്കന്‍ മോഡല്‍ കേരളത്തില്‍ നടപ്പാക്കുവാന്‍ പദ്ധതിയിട്ടിരുന്നു. ഇക്കാര്യം അയാള്‍ എന്‍.ഐ.എയോട് സമ്മതിച്ചിരുന്നു. പിന്നാലെയാണ് ശ്രീലങ്കയില്‍ മരണം വിതച്ച ചാവേറുകള്‍ കേരളം സന്ദര്‍ശിച്ച വിവരം ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
തൊപ്പിയും അത്തറും വിറ്റു നടക്കുന്ന ആള്‍ എന്ന വ്യാജേന കേരളത്തിലെ ഐ.എസ് അനുഭാവികളെയും പ്രവര്‍ത്തകരെയും ബന്ധിപ്പിച്ച് സഞ്ചരിക്കുകയായിരുന്നു റിയാസ്. സംഘത്തിലെ ചിലരുടെ സംശയവും ഭയവും കൊണ്ടുമാണ് സ്ഫോടന പദ്ധതി അലസിപ്പിരിഞ്ഞതെന്നാണ് എന്‍.ഐ.എ വൃത്തങ്ങള്‍ പറയുന്നത്. ഇല്ലായിരുന്നുവെങ്കില്‍ ശ്രീലങ്കയ്ക്കു മുന്‍പേ കേരളത്തില്‍ ആ ദുരന്തം അരങ്ങേറുമായിരുന്നു. കേരളത്തില്‍ എവിടെ ഏത് വിഭാഗക്കാരുടെ കൂട്ടുചേരലിലാണ് സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടിരുന്നത് എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്.
കൊച്ചിയായിരുന്നു ഇയാളുടെ പ്രവര്‍ത്തന മേഖല. പാലക്കാട്, കാസര്‍ഗോഡ്, എന്നിവിടങ്ങളില്‍ നിന്നുള്ള ആളുകളുടെ കൂട്ടിയോജിപ്പിക്കലും ഇയാള്‍ നടത്തിയിരുന്നു. വിവാദ മതപ്രഭാഷകന്‍ സക്കീര്‍ നായിക്കിന്‍റെയും ശ്രീലങ്കയില്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ തീഗോളമായി എരിഞ്ഞടങ്ങിയ സഹറാന്‍ ഹാഷിം എന്ന ചാവേറിന്‍റെയും പ്രഭാഷണങ്ങള്‍ ഓണ്‍ലൈന്‍ വഴി ഒരു വര്‍ഷമായി ശ്രവിച്ച് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു തീവ്രവാദ മുന്നേറ്റം കേരളത്തില്‍ ഉണ്ടാക്കുവാന്‍ ശ്രമിച്ചു വരികയായിരുന്നു ഇയാള്‍.
ഐ.എസ് റിക്രൂട്ടറായ അബ്ദുള്‍ റഷീദ് അബ്ദുള്ളയുടെ ആഹ്വാനം അനുസരിച്ച് ഇന്ത്യയിലെവിടെയെങ്കിലും വലിയൊരു സ്ഫോടനം നടത്തി അവിശ്വാസികളുടെ നാടിന് തിരിച്ചടി നല്‍കുവാനും ഇയാള്‍ ആഗ്രഹിച്ചിരുന്നു എന്നാണ് വിവരം.
ആക്രമണ പദ്ധതികള്‍ക്ക് പിന്നില്‍ പല രാജ്യങ്ങളില്‍ പടര്‍ന്നു കിടക്കുന്ന ഏകോപനത്തിന്‍റെ കണ്ണികളുണ്ടെന്ന് വ്യക്തമായിരിക്കുകയാണ്. ശ്രീലങ്കയില്‍ ആദ്യം നടപ്പാക്കപ്പെട്ടു എന്നേയുള്ളൂ. ജനുവരിയില്‍ തന്നെ കേരളത്തില്‍ നടപ്പാക്കുവാന്‍ പദ്ധതിയിട്ടിരുന്നതാണ്. ഇത് സംബന്ധിച്ച ആലോചനകള്‍ തമിഴ്നാട്ടില്‍ വെച്ച് അരങ്ങേറിയിരുന്നു. റിയാസ് അബൂബക്കര്‍ അതില്‍ പങ്കെടുത്തിരുന്നുവെന്നാണ് വിവരം. തമിഴ്നാട്ടില്‍ കാരയ്ക്കല്‍, കുംഭകോണം, രാമനാഥപുരം എന്നിവിടങ്ങളില്‍ എന്‍.ഐ.എ റെയ്ഡില്‍ ഇത് സംബന്ധിച്ച സുപ്രധാന തെളിവ് ലഭിച്ചിട്ടുമുണ്ട്.
അത്തര്‍ വില്‍പ്പനക്കാരന്‍ എന്‍.ഐ.എയോട് വെളിപ്പെടുത്തിയത് പുതുവത്സര ദിനത്തില്‍ വിദേശികള്‍ കൂടുതല്‍ ഉണ്ടാകുന്ന സ്ഥലത്ത് ആഘോഷത്തിനിടെ സ്ഫോടനം നടത്താനായിരുന്നു ലക്ഷ്യമെന്നാണ്. ഒരുപക്ഷേ ഇതിന് എറണാകുളമായിരിക്കാം തെരഞ്ഞെടുത്തിട്ടുണ്ടാവുക. ആ ശ്രമം പാളിയ സ്ഥിതിക്ക് പിന്നീട് ലക്ഷ്യം വെച്ചിരിക്കുക ഏത് നഗരത്തെ, ഏത് ജനവിഭാഗത്തെ എന്ന സംശയമാണ് ഉയരുന്നത്.
വടക്കന്‍ കേരളം പൂരങ്ങളുടെ ലഹരിയിലേക്ക് ഉണരുകയാണ്. ക്രൈസ്തവ ആഘോഷങ്ങളും നടന്നുവരികയാണ്. തെക്കന്‍ കേരളത്തില്‍ ക്ഷേത്രോത്സവങ്ങളുടെ കാലമാണ് മെയ് അവസാനം വരെ. ലക്ഷകണക്കിനാളുകള്‍ തടിച്ചുകൂടുന്നവയാണ് ആഘോഷങ്ങളെല്ലാം. അതേപോലെ തന്നെ തെരഞ്ഞെടുപ്പിലും അതിനുശേഷവും വലിയ തോതില്‍ ആള്‍ക്കൂട്ടങ്ങളുടെ രൂപപ്പെടല്‍ കേരളത്തില്‍ നടന്നു വരികയുമാണ്.ഇതിലേതെങ്കിലും ചടങ്ങുകള്‍ മതഭ്രാന്തന്മാരുടെ ലക്ഷ്യമാണോ എന്ന വിവരം വ്യകതമാകാനുണ്ട്.