ദുരന്ത നിവാരണത്തിനുള്ള നിയമ സാധ്യതകളെപ്പറ്റി നാം ചര്‍ച്ച നടത്തുന്ന സമയത്തു തന്നെ അത്തരം ധാരാളം ഹര്‍ജികള്‍ കേരള ഹൈക്കോടതിയില്‍ വന്നുകൊണ്ടിരുന്നു. ആ ഹര്‍ജികള്‍ പരിഗണിച്ചപ്പോള്‍ പ്രളയത്തെപ്പറ്റി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കേരള ഹൈക്കോടതി ഒരു അമിക്കസ് ക്യൂറിയെ നിയമിക്കുകയുണ്ടായി. അമിക്കസ് ക്യൂറി കൊടുത്ത റിപ്പോര്‍ട്ടില്‍ പ്രളയ ദുരിതാശ്വാസ തീര്‍പ്പിന് ഓംബുഡ്സ്മാനെ നിയമിക്കണം എന്ന ശുപാര്‍ശ ഉണ്ടെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നു. അതത് പ്രദേശത്തെ ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ ഓംബുഡ്സ്മാന്‍ ആയി പ്രവര്‍ത്തിക്കണം എന്നായിരുന്നു അതിലെ പ്രത്യേകം പരാമര്‍ശിക്കപ്പെട്ട ശുപാര്‍ശ.
ഓംബുഡ്സ്മാന്‍ തര്‍ക്കപരിഹാരത്തിന് വേഗത്തിലും കാര്യക്ഷമമായും പ്രവര്‍ത്തിക്കുന്ന സംവിധാനമായാണ് പൊതുവെ കരുതപ്പെടുന്നത്. ആ സാധ്യതയാണ് പ്രളയദുരിതാശ്വാസ പ്രവര്‍ത്തനത്തിന് അമിക്കസ് ക്യൂറി ഹൈക്കോടതിയുടെ പരിഗണനയ്ക്കായി മുന്നോട്ടുവച്ചത്. അത് ഹൈക്കോടതി സ്വീകരിച്ച് നടപ്പാക്കിയാലും ഇല്ലെങ്കിലും പ്രളയദുരിതം അനുഭവിക്കുന്നവര്‍ക്ക് ഈ സാധ്യത ഉപയോഗപ്പെടുത്താവുന്നതാണ്. ലീഗല്‍ സര്‍വീസ് അതോറിറ്റികളെ ദുരന്ത നിവാരണത്തിനായി ആര്‍ക്കും ഉപയോഗപ്പെടുത്താം.
പ്രശ്നങ്ങള്‍ പലവിധം
ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ പലവിധ തര്‍ക്കങ്ങള്‍ ഉടലെടുക്കുക സ്വാഭാവികമാണ്. ദുരന്ത സഹായത്തിനുള്ള അര്‍ഹതയുടെ തോത് കണ്ടെത്തുന്നതിനും, ലഭിക്കുന്ന സഹായത്തെപ്പറ്റിയുമുള്ള തര്‍ക്കം എന്നിവയൊക്കെയാണ് പ്രധാനമായും ഉയര്‍ന്നുവരാവുന്ന പ്രശ്നങ്ങള്‍. എന്നാല്‍, ഏറ്റവും പ്രധാനപ്പെട്ടതും പരാമര്‍ശിക്കപ്പെടാതെ പോയതുമായ പ്രശ്നങ്ങള്‍ സുതാര്യതയില്ലായ്മ, അഴിമതി, സ്വജന പക്ഷപാതം എന്നിവയാണ്. ഈ പ്രശ്നങ്ങള്‍ ഏതെങ്കിലും ഒന്നോ അതിലധികമോ അധികാര സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ അവസരം ലഭിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചതു പോലെയുള്ള നവകേരള സൃഷ്ടി അസാധ്യമാവുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍
ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ പ്രളയദുരന്ത നിവാരണത്തിനുള്ള ഓംബുഡ്സ്മാന്‍ ആക്കി മാറ്റണമെന്ന ശുപാര്‍ശകള്‍ നടപ്പായാലും ഇല്ലെങ്കിലും ഈ വക തര്‍ക്കങ്ങള്‍ ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ മുമ്പാകെ കൊണ്ടുവന്ന് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുന്നതു നന്നായിരിക്കും. ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ വ്യവഹാര മുന്നോടിയായിട്ടുള്ള പരാതികള്‍ കൊടുക്കാനും സൗകര്യമുള്ളവയാണ്. ആ സൗകര്യം ഇവിടെയും ഉപയോഗപ്പെടുത്താം. തര്‍ക്കമുള്ളവര്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി മുമ്പാകെ അവരുടെ കൈയിലുള്ള മുഴുവന്‍ തെളിവുകളുമായി സമീപിച്ചാല്‍ പ്രത്യേക ചെലവുകളോ അലച്ചിലോ ഇല്ലാതെതന്നെ പ്രശ്നങ്ങളും കാരണങ്ങളും ഒരു നീതിന്യായ സംവിധാനത്തിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാന്‍ പറ്റുന്നു എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ മേന്മ. ഇത് നിസ്സാര കാര്യമല്ല. അങ്ങനെ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ മുമ്പാകെ വരുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍പോലും തര്‍ക്ക കാരണങ്ങളിലേക്കുള്ള ചൂണ്ടുപലകയായി അവ മാറും. അതിനാല്‍, പ്രശ്ന കാരണങ്ങളില്‍ നിന്ന് ബന്ധപ്പെട്ട ആളുകള്‍ക്കോ, അധികാരികള്‍ക്കോ ഒഴിഞ്ഞുമാറാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കാന്‍ ഇതു പ്രയോജനപ്പെടും.
ഗുണഫലങ്ങള്‍
കേസ് നടത്തിപ്പു ചെലവുകളും അലച്ചിലും ഇതുവഴി ഗണ്യമായി കുറയ്ക്കാന്‍ സാധിക്കും. ഇങ്ങനെ ലീഗല്‍ സര്‍വീസ് അതോറിറ്റികള്‍ മുമ്പാകെ തര്‍ക്കങ്ങള്‍ വന്നാല്‍ അവ രേഖയില്‍ വരുമെന്നുള്ളത് ഏറെ നിര്‍ണായകമാണ്. മാത്രമല്ല, തര്‍ക്ക കാരണങ്ങളിലേക്ക് പെട്ടെന്ന് ശ്രദ്ധ കൊണ്ടുവരാന്‍ സാധിക്കും എന്നുള്ളതും ഇതിന്‍റെ ഒരു മേന്മയാണ്. പ്രധാനപ്പെട്ട ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന പ്രശ്നങ്ങളായതുകൊണ്ട് വളരെ പെട്ടെന്ന് പൊതു സമൂഹത്തിന്‍റെയും മാധ്യമങ്ങളുടെയും ശ്രദ്ധ പതിയാനും സാധ്യത ഏറെയാണ്. അതുകൊണ്ടുതന്നെ വ്യക്തിനിഷ്ഠമായ പ്രശ്നപരിഹാരത്തിനുള്ള അലച്ചിലും, ധന- സമയ നഷ്ടവും ഒഴിവാക്കാന്‍ കഴിയും. ഇതുമൂലം ഉന്നത നീതിപീഠങ്ങളുടെയും സര്‍ക്കാരിന്‍റെയും സത്വരശ്രദ്ധ ഇത്തരം തര്‍ക്കങ്ങളിലേക്ക് ഒറ്റയ്ക്കും കൂട്ടമായും പതിയാനും കാരണമായിത്തീരുന്നതാണ്.
തര്‍ക്ക പരിഹാരത്തിന് ലീഗല്‍ സര്‍വീസ് അതോറിറ്റികളെ സമീപിക്കുമ്പോള്‍ പെട്ടെന്നുതന്നെ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധ പതിഞ്ഞ് പരിഹാരം ഉരുത്തിരിയും. ഈ സാധ്യതകളെ സാധാരണക്കാര്‍ ഉപയോഗപ്പെടുത്തുന്നതുവഴി നിയമരംഗത്തും സര്‍ക്കാര്‍ രംഗത്തും സര്‍വോപരി സാമൂഹികമായും ഇതിന്‍റെ ഗുണഫലങ്ങള്‍ പ്രതിഫലിക്കും. കൂടാതെ നവകേരള സൃഷ്ടിയെന്ന സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയം നടപ്പാക്കുന്നതിനുള്ള ഒരു സുപ്രധാന കാല്‍വയ്പ്പുകൂടി ആയിരിക്കും ഇത്.
കേരള ഹൈക്കോടതിയില്‍ അഭിഭാഷകനാണ്. സാമൂഹ്യപ്രവര്‍ത്തനത്തില്‍ സജീവം. ഫോണ്‍ നമ്പര്‍: 9495572129 email: ejshaijan@gmail.com